സർക്കാർ ഓഫീസിൽ നിന്ന് പാടത്തേക്കിറങ്ങി; ചെറുവാടിയിൽ ഇത് നൂറുമേനി വിളവിന്റെ കാലം


ജില്ലയിലെ വിവിധപ്രദേശങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ചെറുവാടിയിൽ മൂന്നേക്കർ കൃഷിയിറക്കിയത്. വെള്ളിയാഴ്ച പൊൻകതിൽ എന്ന പേരിൽ നടന്ന കൊയ്ത്തുത്സവത്തിലും ജീവനക്കാർ തന്നെയാണ് അരിവാളുമായി പാടത്തിറങ്ങിയത്. നാൽപ്പതോളംപേർ കൊയ്ത്തിൽ അണിചേർന്നു.

കൊടിയത്തൂർ: പേനയും കംപ്യൂട്ടറുമൊക്കെ കൈകാര്യം ചെയ്യുന്ന സർക്കാർ ജീവനക്കാർ പാടത്തിറങ്ങി പൊന്നുവിളയിച്ച് നെൽക്കൃഷിയിലും ഒട്ടും പിന്നിലല്ലെന്നു തെളിയിച്ചു. വിളഞ്ഞ നെല്ലിന്റെ കൊയ്ത്തും ഉത്സവച്ഛായ പകർന്ന് ശ്രദ്ധേയമാക്കി. എ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയാണ് ചെറുവാടി പുഞ്ചപ്പാടത്ത് നൂറുമേനി വിളയിച്ചത്.

ചുള്ളിക്കാപ്പറമ്പിൽനിന്ന് 200-ഓളം ജീവനക്കാർ വാദ്യമേളങ്ങളുടേയും കൊയ്ത്തുപാട്ടിൻയും അകമ്പടിയോടെ ഘോഷയാത്രയായാണ് പാടത്തേക്കെത്തിയത്. നാട്ടുകാരും പരിപാടിയിൽ പങ്കാളികളായപ്പോൾ പാടത്തെ കൊയ്ത്ത് നാടിന്റെ ഉത്സവമായി മാറി. ചെണ്ടമേളവും കൊയ്ത്തുപാട്ടും കൊയ്ത്തിനും മെതിക്കും അകമ്പടിയായി. ഉരലിൽ നെല്ലിടിച്ച് അവിലുണ്ടാക്കി വനിതാജീവനക്കാർ പഴയകാല ഓർമയും പങ്കുവെച്ചു. നാട്ടുകാരായ 13 കർഷകരെ ആദരിച്ചു.

എൻ.ജി.ഒ യൂണിയൻ സംസ്ഥാനപ്രസിഡൻറ് ഇ.പ്രേംകുമാർ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി.സന്തോഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.സത്യൻ, ഇ.രമേശ് ബാബു, സി.ടി.സി.അബ്ദുള്ള, രവീന്ദ്രൻ, സത്താർ കൊളക്കാടൻ, ഹംസ കണ്ണാട്ടിൽ എന്നിവർ സംസാരിച്ചു.