സൗദിയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശികളായ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം


കോഴിക്കോട്: സൗദിയിൽ വാഹനാപകടത്തിൽ അഞ്ച് കോഴിക്കോട്ടുകാർ മരിച്ചു. ബേപ്പൂർ സ്വദേശിയും ഭാര്യയും മൂന്നു മക്കളുമാണ് അപകടത്തിൽ മരിച്ചത്. പാണ്ടിക ശാല കണ്ടി മുഹമ്മദ് ജാബിർ(45), ഷബ്‌ന (36), ലൈബ(7), സഹ, ലുപ്തി എന്നിവരാണ് മരിച്ചത്. മുഹമ്മദ് ജാബിറിന്റെ ഭാര്യയും മക്കളും സന്ദർശക വിസയിലെത്തിയതായിരുന്നു.

ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റിയാദിൽ വെച്ചായിരുന്നു അപകടം. ദമാമിൽ നിന്ന് ജിദാനിയിലേക്കു ജോലി മാറി പോവുകയായിരുന്നു മുഹമ്മദ് ജാബിർ. ഇതിന്റെ ഭാഗമായി ജിദാനിലേക്കു ഇവരുടെ വസ്തു വകകൾ അയച്ചിരുന്നു. എന്നാൽ ഇവരെ കാണാതായതോടെ സാമൂഹ്യ പ്രവർത്തകർ അന്വേഷിക്കുകയായിരുന്നു.

അൽ റയാനിലുള്ള പോലീസുകാരാണ് സാമൂഹിക പ്രവർത്തകരെ അറിയിച്ചത്. അപകടത്തിൽ പെട്ട മറ്റേ വാഹനത്തിലുണ്ടായിരുന്ന സൗദി പൗരനും ഗുരുതരാവസ്‌തിയിലാണെന്നാണ് വിവരം.