സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് ഭക്ഷ്യമന്ത്രി


തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം കിറ്റ് നല്‍കിയാല്‍ മതിയെന്ന അഭിപ്രായമുയരുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇതിനാലാണ് കിറ്റ് വിതരണം പരിമിതപ്പെടുത്താന്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് ആരംഭിച്ച സൗജന്യഭക്ഷ്യക്കിറ്റ് വിതരണം സര്‍ക്കാര്‍ അവസാനിപ്പിച്ചെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ ഘട്ടത്തിലാണ് മന്ത്രിയുടെ വിശദീകരണം.

2020 ഏപ്രില്‍ മെയ് മാസങ്ങളിലാണ് സൗജന്യ കിറ്റ് നല്‍കിത്തുടങ്ങിയത്. ഇതുവരെ 13 തവണയാണ് കിറ്റ് വിതരണം നടത്തിയത്. മാസം ശരാശരി 350-400 കോടി രൂപ കിറ്റിനായി ചെലവിട്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 11 കോടി കിറ്റുകള്‍ക്കായി 5200 കോടി രൂപ ചെലവിട്ടു.