സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സീറ്റൊഴിവ്; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (12/01/2021)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സീറ്റൊഴിവ്
ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ റെയില്വേസ്റ്റേഷന് ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സീറ്റൊഴിവ്. കേരള പിഎസ്സി അംഗീകരിച്ച വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റാ എന്‍ട്രി, ഗ്രാഫിക്സ് ഡിസൈനിങ് കോഴ്സുകളാണ് നടത്തുന്നത്. കോഴ്സ് കാലാവധി മൂന്നു മാസം. എസ്എസ്എല്‍സിയാണ് അടിസ്ഥാനയോഗ്യത.
താല്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളും അപേക്ഷകന്റെ ഫോട്ടോയും ഉള്‍പ്പടെ സെന്ററില്‍ ജനുവരി 14ന് വൈീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് സീനിയര്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2301772 / 8590605275.
വനിതാ കമ്മീഷന് മെഗാ അദാലത്ത് നാളെ (ജനുവരി 14)
സംസ്ഥാന വനിതാ കമ്മീഷന് നാളെ (ജനുവരി 14) കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ മെഗാ അദാലത്ത് നടത്തും.
കിറ്റ്കോയുടെ സൗജന്യ ഓണ്‍ലൈന്‍ വ്യവസായ സംരംഭകത്വ പരിശീലനം
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും പൊതുമേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോയും ചേര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് ഇലക്ട്രോണിക്സ് മേഖലയില്‍ ആറ് ആഴ്ച്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലനപരിപാടി നടത്തുന്നു. പരിശീലനം ജനുവരി 18ന് ആരംഭിക്കും. സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എന്ജീനീയറിംഗിലോ ബിരുദമോ ഡിപ്ലോമയോ ഉളളവര്‍ക്ക് അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് അറിയിച്ചു. പ്രായപരിധി 21 നും 45 വയസ്സിനും ഇടയില്‍.
ഐടി ആന്റ് ഇലക്ട്രോണിക്സ് മേഖലയില്‍ ലാഭകരമായ സംരംഭങ്ങള്‍ തിരഞ്ഞെടുക്കേണ്ട വിധം, വ്യവസായ മാനദണ്ഡങ്ങള്‍, വിവിധ ലൈസന്‍സുകള്‍, പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സാമ്പത്തിക വായ്പാ മാര്‍ഗ്ഗങ്ങള്‍, മാര്‍ക്കറ്റ് സര്‍വ്വേ, ബിസ്സിനസ്സ് പ്ലാനിങ്ങ്, മാനേജ്മെന്റ്, വിജയം വരിച്ച വ്യവസായികളുടെ അനുഭവങ്ങള്‍, ഇന്‍കുബേഷന്‍ സ്കീം, എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് മാനദണ്ഡങ്ങള്‍, ഇന്റലക്ചല്‍ പ്രോപ്പര്‍ട്ടി ആക്ട്, ആശയവിനിമയപാടവം, മോട്ടിവേഷന്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഓണ്‍ലൈന്‍ പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. താത്പര്യമുളളവര്‍ ജനുവരി 18 നകം 9847463688/ 9447509643/ 0484412900 ല്‍ ബന്ധപ്പെടണം.
ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിലെ എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്സിന് ജനുവരി 20 വരെ അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴസിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. കോണ്ടാക്ട് ക്ലാസ്സുകളും ഇന്റേണ്‍ഷിപ്പും പ്രോജക്ട് വര്‍ക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. ചേരാനാഗ്രഹിക്കുന്നവര്‍ ബാലുശ്ശേരിയിലെ ഹ്യൂമന്‍ റിസോഴ്സ് ഡവലപ്മെന്റ് സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ : 0496 2644678, 9846634678. വിശദാംശങ്ങള്‍ക്ക് www.srccc.in.
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലയില്‍ എം.പി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന മിനി മാസ്റ്റ്/ഹൈമാസ്റ്റ്/ലോമാസ്റ്റ് ലൈറ്റുകളുടെ വിതരണത്തിന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും നിര്‍ദ്ദിഷ്ട മാനദണ്ഡ പ്രകാരം ക്വട്ടേഷനുകള്‍ ക്ഷണിച്ചു. നാല് ഇനങ്ങളുടെ സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ജനുവരി 18 ന് വൈകീട്ട് മൂന്ന് മണിക്കകം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പ്ലാനിംഗ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0495 2371907.
ലേലം 18 ന്
കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ കോമ്പൗണ്ടില്‍ സ്ഥിതിചെയ്യുന്നതും റെയില്‍വേ ട്രാക്കിലേക്ക് ചരിഞ്ഞിട്ടുളളതുമായ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റി നീക്കം ചെയ്ത് കൊണ്ടു പോകുന്നതിന് കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ ഓഫീസ് പരിസരത്ത് ജനുവരി 18 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ക്വട്ടേഷന്‍ ജനുവരി 17 ന് വൈകീട്ട് നാല് മണിക്കകം ഓഫീസില്‍ ലഭിക്കണം.
നാഷണല്‍ ലോക് അദാലത്ത്
കേരള ലീഗല്‍ സര്‍വ്വീസ്സസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 12ന് ദേശവ്യാപകമായി നടത്തുന്ന നാഷണല്‍ ലോക് അദാലത്തിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കോടതിയിലും രാവിലെ 10ന് അദാലത്ത് ആരംഭിക്കും. കോടതികളില്‍ നിലവിലുള്ള കേസുകളും പുതിയ പരാതികളും ലോക് അദാലത്തില്‍ ഒത്തു തീര്‍പ്പിനായി പരിഗണിക്കും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ ലോക് അദാലത്തിലേക്ക് റഫര്‍ ചെയ്യാന്‍ കക്ഷികള്‍ക്ക് ആവശ്യപ്പെടാം. സിവില്‍ കേസ്സുകള്‍, വാഹനാപകട കേസ്സുകള്‍, ഭൂമി ഏറ്റെടുക്കല്‍ കേസ്സുകള്‍, കുടുംബ തര്‍ക്കങ്ങള്‍, ഒത്തു തീര്‍ക്കാവുന്ന ക്രിമിനല്‍ കേസ്സുകള്‍, ബാങ്ക് വായ്പാ സംബന്ധമായ കേസ്സുകള്‍ തുടങ്ങിയവയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വ്വീസ്സസ് അതോറിറ്റി (0495 2365048), കോഴിക്കോട് താലൂക്ക് ലീഗല്‍ സര്‍വ്വീസ്സസ് കമ്മിറ്റി (0495 2366044), കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വ്വീസ്സസ് കമ്മിറ്റി (9745086387), വടകര താലൂക്ക് ലീഗല്‍ സര്‍വ്വീസ്സസ് കമ്മിറ്റി (0496 2515251) കളുമായി ബന്ധപ്പെടണമെന്ന് അതോറിറ്റി സെക്രട്ടറി അറിയിച്ചു.
റാങ്ക് ലിസ്റ്റ് റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്സ് (കാറ്റഗറി നം. 71/2017) തസ്തികയുടെ ദീര്ഘിപ്പിച്ച കാലാവധി അവസാനിച്ചതിനാല്‍ ലിസ്റ്റ് റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
പച്ചക്കറി വികസന പദ്ധതി- ജില്ലാതല അവാര്‍ഡിന് അപേക്ഷിക്കാം
ജില്ലയില്‍ കൃഷി വകുപ്പിനു കീഴിലെ പച്ചക്കറി വികസന പദ്ധതിയില്‍ പച്ചക്കറി ക്ലസ്റ്റര്‍, പച്ചക്കറി കര്ഷകന്, ഓണത്തിന് ഒരു മുറം പച്ചക്കറി, ഒരു മുറം പച്ചക്കറി കര്ഷകന്, പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥാപനങ്ങള്‍ (സ്ക്കൂളുകള്‍), പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥാപനങ്ങളിലെ ഇന്‍ചാര്‍ജ്ജ് (അദ്ധ്യാപകര്‍), പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥാപനങ്ങളിലെ തലവന്‍ (പ്രധാന അദ്ധ്യാപകന്), വീട്ടുവളപ്പില്‍ പച്ചക്കറി കൃഷി ചെയ്യുന്ന വിദ്യാര്‍ത്ഥി, പ്രൊജക്ട് അടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥാപനം (പബ്ലിക്), പ്രൊജക്ട് അടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥാപനം (പ്രൈവറ്റ്) തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ ജില്ലാതലത്തില്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ഫലകവും പ്രശസ്തി പത്രവും നല്‍കും. ഒന്നാം സമ്മാനം 15,000 രൂപയും രണ്ടാം സമ്മാനം 7,500 രൂപയും മൂന്നാം സമ്മാനം 5,000 രൂപയുമാണ്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും അവാര്‍ഡിന് പരിഗണിക്കുന്നത്. അപേക്ഷകര്‍ പച്ചക്കറി വികസന പദ്ധതിയിലെ ഏതെങ്കിലും ആനുകൂല്യം കൈപ്പറ്റിയവര്‍ ആയിരിക്കണം. താല്പര്യമുളളവര് ഏറ്റവും അടുത്ത കൃഷിഭവനുമായോ കൃഷി അസി. ഡയറക്ടറുടെ ഓഫീസുമായോ ജില്ലാ ഓഫീസുമായോ ബന്ധപ്പെട്ട് ജനുവരി 20 നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ഉത്തരവാദിത്ത ടൂറിസം മിഷന് പാക്കേജുകളും ഉത്പന്ന വിപണന ശൃംഖലയും ആരംഭിക്കുന്നു
പ്രാദേശികത്തനിമയുള്ള ഉത്സവങ്ങളും ഉത്പന്നങ്ങളും കൂട്ടിയിണക്കി ഉത്തരവാദിത്ത ടൂറിസം മിഷന് പാക്കേജുകളും ഉത്പന്ന വിപണന ശൃംഖലയും ആരംഭിക്കുന്നു. അനുഭവവേദ്യവിനോദ സഞ്ചാരത്തിന് പ്രാധാന്യം നല്കി കോവിഡാനന്തര ടൂറിസത്തിന്റെയും ന്യൂ നോര്‍മല്‍ ടൂറിസത്തിന്റെയും സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പദ്ധതി രൂപപ്പെടുത്തുന്നത്. പ്രാദേശികത്തനിമയുള്ള ഉത്പന്നങ്ങള്‍ (ഉദാ: ആറന്മുള കണ്ണാടി, പയ്യന്നൂര്‍ പവിത്രമോതിരം ),കാര്‍ഷിക വിളകള്‍ (ഉദാ:ഞവര, ജീരകശാല, ഗന്ധകശാല), ഭക്ഷ്യവിഭവങ്ങള്‍ (ഉദാ: രാമശ്ശേരി ഇഡ്ഢലി , മറയൂര്‍ ശര്‍ക്കര ), പ്രത്യേകതയുള്ള ഉത്സവങ്ങള്‍ (ഉദാ: ആറ്റ് വേല, കെട്ട് കാഴ്ചകള്‍ ) എന്നിവ കോര്‍ത്തിണക്കിയുള്ള ടൂര്‍ പാക്കേജുകളും ഉത്പന്ന വിപണന ശൃംഖലയും ഉത്തരവാദിത്ത ടൂറിസം മിഷന് തയ്യാറാക്കി തദ്ദേശീയ – വിദേശ വിനോദ സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍, കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍, ഗ്രൂപ്പുകള്‍ എന്നിവയ്ക്ക് ജനുവരി 30 വരെ ഉത്തരവാദിത്ത ടൂറിസം മിഷനില്‍ രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ക്ക് 0471 2334749 എന്ന ഫോണ്‍ നമ്പരില്‍ വിളിക്കുകയോ rt@keralatourism.org എന്ന മെയില്‍ ഐഡിയില്‍ ഇ- മെയില്‍ അയക്കുകയോ ചെയ്യാം. ഫെബ്രുവരി 20 നുള്ളില്‍ പുതിയ പാക്കേജുകള്‍ പ്രഖ്യാപിക്കുക എന്നതാണ് ലക്ഷ്യമെന്ന് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന് കോ ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍ അറിയിച്ചു.
സപ്ലൈകോ ക്രിസ്മസ് -പുതുവത്സര മേളയില്‍ കോഴിക്കോട് ജില്ലയില്‍ 3,21,00,389 വിറ്റുവരവ്. സംസ്ഥാനത്ത് 59 കോടി രൂപയുടെ വിറ്റുവരവുണ്ടായതായി എംഡി ഡോ.സഞ്ജീബ് കുമാര്‍ പട്ജോഷി അറിയിച്ചു.തിരുവനന്തപുരം – 7,87,00,176,-കൊല്ലം- 8,05,80,133, പത്തനംതിട്ട -2,93,36,276, കോട്ടയം – 7,09,64,640 , ഇടുക്കി – 2,49,91,391, ആലപ്പുഴ-4,40,14,617, എണാകുളം- 5,66,52,149, തൃശൂര്‍ -3,23,38,869,പാലക്കാട് -3,21,10 ,179, മലപ്പുറം – 1,44,03,335, വയനാട്-1,72,49,108, കണ്ണൂര്‍ – 5,42,78,262,കാസര്‍കോഡ് -2,06,85,585 രൂപ വീതവും ലഭിച്ചു.സംസ്ഥാനത്ത് മൊത്തം 25 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോയുടെ വിവിധ വില്പനശാലകളിലെത്തി ഉല്പന്നങ്ങള് വാങ്ങി. സബ്സിഡി ഇനങ്ങളില്‍ മാത്രമായി ഏകദേശം പതിനായിരം ടണ്‍ ഉല്പന്നങ്ങള് വില്‍പ്പന നടത്തി. മേളയോട് അനുബന്ധിച്ച് സപ്ലൈകോ ഉല്പന്നങ്ങള് വാങ്ങുന്ന സംസ്ഥാനത്തെ ഒരു പുരുഷനും ഒരു സ്ത്രീയ്ക്കും 5,000 രൂപ സമ്മാനം നല്കുന്ന സപ്ലൈകോ സമ്മാന പദ്ധതിയില്‍ 1,238 സ്ത്രീകളും 719 പുരുഷന്മാരുമടക്കം 1,957 പേര് പങ്കാളികളായതായും എംഡി അറിയിച്ചു.
കലക്ടറേറ്റില്‍ നടന്ന പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങ്ങില്‍ ഒമ്പത് പരാതികള്‍ തീര്‍പ്പായി. അതോറിറ്റി ചെയര്മാന് പി.എസ്.ദിവാകരന്, ഹുസൂര്‍ ശിരസ്തദാര്‍ വി.എം.നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരാതികള്‍ പരിഗണിച്ചത്. ആകെ 37 കേസുകള്‍ പരിഗണിച്ചു. ശേഷിക്കുന്നവ മാര്‍ച്ച് മാസത്തെ സിറ്റിങ്ങില്‍ പരിഗണിക്കും. പോലീസ് കംപ്ലയിന്റ് അതോറിറ്റി ഇന്നും (ജനുവരി 13) കലക്ടറേറ്റില്‍ സിറ്റിങ് തുടരും.
കൊയിലാണ്ടിയില്‍ കലക്ടേഴ്സ്@ സ്കൂള്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി നഗരസഭയില്‍ കലക്ടേഴ്സ്@ സ്കൂള്‍ പദ്ധതിയ്ക്ക് തുടക്കം. സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ബിന്നുകള്‍ നല്കി നഗരസഭ വൈസ് ചെയര്മാന് അഡ്വ.കെ.സത്യന് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭയുടെ 2020- 21 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
രണ്ട് ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയുടെ ഭാഗമായി മൂന്ന് വീതം ബിന്നുകളാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ നഗരസഭയിലെ വിവിധ സ്കൂളുകളില്‍ ഇവ സ്ഥാപിക്കും.
ഇരുപത്തിനാലാം ഡിവിഷനിലെ മരുതൂര്‍ ജി.എല്‍.പി. സ്കൂളില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രജില അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇന്ദിര ടീച്ചര്‍, കൗണ്‍സിലര്‍മാരായ പ്രമോദ്, എന്‍.എസ്.വിഷ്ണു, വത്സരാജ് കേളോത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രമേഷ്, സ്കൂള്‍ ഹെഡ് മിസ്ട്രസ് നബീസ തുടങ്ങിയവര്‍ സംസാരിച്ചു.
സമുദ്ര മലിനീകരണത്തിനെതിരെ സന്ദേശമുയര്‍ത്തി കോഴിക്കോട് ബീച്ചില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്തൂപം സ്ഥാപിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ഗ്രീന്‍ വേംസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ബീച്ചില്‍നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ കൊണ്ട് 2022 ആകൃതിയിലുള്ള സ്തൂപം സ്ഥാപിച്ചത്. സ്തൂപം ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി അനാച്ഛാദനം ചെയ്തു.ഓരോ ദിവസവും 8 ദശ ലക്ഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ എത്തിച്ചേരുന്നുണ്ടെന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ ആവാസവ്യവസ്ഥയെ താറുമാറാക്കുന്ന മാലിന്യങ്ങളില്‍ നിന്നും കടലിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഈ പുതുവര്‍ഷത്തില്‍ പഴയ ശീലങ്ങള്‍ വെടിയാം, നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വമാകട്ടെ എന്ന ആശയം മുന്‍നിര്‍ത്തിയാണ് പരിപാടി. അതിന്റെ ഭാഗമായാണ് 2022 സ്തൂപവും സന്ദേശ ബോര്‍ഡും സ്ഥാപിച്ചത്.കോര്പ്പറേഷന് ആരോഗ്യ വിഭാഗം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മനോജ്, ഗ്രീന്‍ വേംസ് സി.ഇ.ഒ. ജാബിര്‍ കാരാട്ട്, ഗ്രീന്‍ വേംസ് വളന്റിയര്‍മാര്‍, കലക്ടറേറ്റ് ജീവനക്കാര്‍, ജെ.ഡി.ടി. പോളിടെക്നിക് കോളേജ് എന്‍.എസ്.എസ്. വളന്റിയര്‍മാര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്കി. ശേഖരിച്ച മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകള്‍, ബോട്ടിലുകള്‍, പ്ലാസ്റ്റിക് ഉല്പന്നങ്ങള്, അലൂമിനിയം കണ്ടെയിനറുകള്‍, പേപ്പര്‍ കപ്പുകള്‍, ചെരുപ്പ്, തെര്‍മോക്കോള്‍, തുണി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഇനങ്ങളായി തിരിച്ച് സംസ്കരണ ശാലയ്ക്ക് കൈമാറി.