സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ് പഠിക്കാം; ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പ് (12/05/2022)


 

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ്
പാലക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മെഷീന്‍ ഓപ്പറേറ്റര്‍ ഇഞ്ചക്ഷന്‍ മോള്‍ഡിങ്, മെഷീന്‍ ഓപ്പറേറ്റര്‍ പ്ലാസ്റ്റിക് എക്‌സ്ട്രൂഷന്‍ എന്നീ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മൈനോരിറ്റി (ക്രിസ്ത്യന്‍, മുസ്ലിം), എസ്.സി/ എസ്.ടി വിഭാഗക്കാര്‍ ആയിരിക്കണം. സൗജന്യ താമസം, ഭക്ഷണം, യാത്രാ സൗകര്യം എന്നിവ ലഭിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 8593938381,

ഇലക്ട്രോണിക്സ് എന്‍ജിനീയര്‍മാരുടെ ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിക്കണം : ഇന്റര്‍വ്യൂ 19 ന്

ഇലക്ട്രോണിക്സ് എന്‍ജിനീയര്‍മാരുടെ ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ മേയ് 19 രാവിലെ 11 മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇലക്ട്രോണിക് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുക, ടെണ്ടര്‍ രേഖകള്‍ തയ്യാറാക്കുക, നിര്‍വഹണ മേല്‍നോട്ടം വഹിക്കുക, അളവുകള്‍ രേഖപ്പെടുത്തുക, ബില്‍ തയ്യാറാക്കുക, എസ്റ്റിമേറ്റുകള്‍ പരിശോധിച്ച് സാങ്കേതികാനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് കമ്മിറ്റി രൂപീകരിക്കുന്നത്. പൊതുമരാമത്ത് ഇലക്ട്രോണിക്സ്, കെ.എസ്.ഇ.ബി, കെല്‍ട്രോണ്‍ എന്നിവിടങ്ങളില്‍ നിന്നും വിരമിച്ച ഇലക്ട്രോണിക്സ് എന്‍ജിനീയര്‍മാര്‍ക്ക് പങ്കെടുക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2371907, 9846 486 999.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ഇന്‍സ്ട്രുമെന്റേഷന്‍ ലാബിലേക്ക് ഡിസ്പ്ലേസ്മെന്റ് മെഷര്‍മെന്റ് ട്രെയിനര്‍ മോഡ്യൂള്‍ ആന്‍ഡ് വൈബ്രേഷന്‍ മെഷര്‍മെന്റ് ട്രെയിനര്‍ മോഡ്യൂള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മേയ് 23 ഉച്ച രണ്ട് മണി. വിവരങ്ങള്‍ക്ക്: 0495 2383220, 2383210. വെബ്‌സൈറ്റ്: www.geckkd.ac.in

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങിലേക്ക് പെരിസ്റ്റാല്‍ററിക് പമ്പ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 24 ഉച്ച രണ്ട് മണി. വിവരങ്ങള്‍ക്ക്: 0495 2383220, 2383210. വെബ്‌സൈറ്റ്: www.geckkd.ac.in


ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജിലെ എ.ഇ ആന്‍ഡ് ഐ എന്‍ജിനീയറിങ്് വിഭാഗത്തിലെ ഇന്‍സ്ട്രുമെന്റേഷന്‍ ലാബിലേക്ക് കണ്‍സ്യൂമബിള്‍സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 21 ഉച്ച രണ്ട് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2383220, 2383210. വെബ്‌സൈറ്റ്: www.geckkd.ac.in

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഇന്റര്‍വ്യൂ 21 ന്

ചേവായൂര്‍ സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയിലെ ഒ.പി. യില്‍ ഡേറ്റാ എന്‍ട്രി നടത്തുന്നതിനുവേണ്ടി മേയ് 21 രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുള്ള, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്ഥാപനത്തിലെ റിക്രിയേഷന്‍ ഹാളില്‍ എത്തണം. ഫോണ്‍: 0495 2355840.

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

എളേരിത്തട്ട് ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് ഹിന്ദി വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് അദ്ധ്യാപക പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മേയ് 24 രാവിലെ 11 മണിക്ക് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് 0467-2241345, 9847434858

സമൂഹത്തിന്റെ സുസ്ഥിര വികസനത്തിന് വനിതാ ശിശു സൗഹൃദ പദ്ധതികള്‍ അനിവാര്യം – മന്ത്രി വീണാ ജോര്‍ജ്

– ദി ക്രാഡില്‍ ആപ്ലിക്കേഷന്‍ പ്രകാശനം ചെയ്തു

സമൂഹത്തിന്റെ നിലനില്‍പ്പിനും സുസ്ഥിര മുന്നേറ്റത്തിനും വനിതാ ശിശു സൗഹൃദ പദ്ധതികള്‍ അനിവാര്യമാണെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പുമന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ ‘ദി ക്രാഡില്‍’ ആപ്ലിക്കേഷന്‍ പ്രകാശനവും ജെംസ് ബുക്ക് വിതരണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സമൂഹത്തിന്റെ ഉന്നമനത്തിന് സ്ത്രീകളെ മുഖ്യധാരയില്‍ എത്തിക്കുന്നതിനൊപ്പം കുട്ടികളുടെ ആരോഗ്യപരമായ വളര്‍ച്ചയ്ക്കും പ്രത്യേകം പ്രാധാന്യം നല്‍കണം. കുട്ടികളുടെ ശേഷീവികാസത്തെ പ്രോത്സാഹിപ്പിക്കുന്ന ക്രാഡില്‍ ആപ്പ് പോലുള്ള പദ്ധതികള്‍ പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ- ശിശു വികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ശിശു പരിപാലനം, മാതൃത്വം, ആരോഗ്യകരമായ കൗമാരം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള സമ്പൂര്‍ണ വനിതാ ശിശു വികസന പദ്ധതിയാണ് ‘ദി ക്രാഡില്‍’. കുട്ടികളുടെ ശേഷീവികാസത്തിനുതകുന്ന തരത്തിലുള്ള പരിസ്ഥിതി സൗഹൃദവും ശിശു സൗഹൃദവുമായുള്ള അങ്കണവാടി കെട്ടിടങ്ങള്‍, ഇന്‍ഡോര്‍ – ഔട്ട്‌ഡോര്‍ നവീകരണം, പുതുക്കിയ ഭക്ഷണക്രമം, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നൂട്രി മിക്‌സ്, ആരോഗ്യ വിദഗ്ധരുടെ സമിതി തയ്യാറാക്കിയ ജെംസ് പുസ്തകങ്ങള്‍ എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍.

പദ്ധതിയുടെ ഭാഗമായി എന്‍.ഐ.സിയുടെയും ഇംഹാന്‍സിന്റെയും സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോ?ഗിച്ചാണ് ‘ക്രാഡില്‍’ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. കുട്ടികളിലെ ശേഷീവികാസത്തെ കൂടുതല്‍ ശാസ്ത്രീയമായി സമീപിക്കുന്നതിന് സഹായിക്കുന്ന പ്രയോജനപ്രദമായ നിരവധി ടൂളുകള്‍ ഉള്‍പ്പെടുത്തിയാണ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. രക്ഷിതാക്കള്‍ പൂരിപ്പിക്കുന്ന നിശ്ചിത ചോദ്യങ്ങളിലൂടെ ലഭിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ വളര്‍ച്ചാവൈകല്യം കണ്ടെത്തി തുടര്‍പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും സഹായകമായ സര്‍ക്കാര്‍ കേന്ദ്രങ്ങളെ പരിചയപ്പെടുത്തുകയും രക്ഷകര്‍ത്താക്കള്‍ക്ക് അവശ്യമായ നിര്‍ദേശങ്ങള്‍ കൈമാറുകയുമാണ് ചെയ്യുന്നത്. വാക്‌സിന്‍ ഷെഡ്യൂള്‍, കുട്ടികളുടെ ഭക്ഷണക്രമം, ഓരോ വളര്‍ച്ചാ ഘട്ടത്തിലും ആര്‍ജ്ജിക്കേണ്ട കഴിവുകള്‍, രക്ഷിതാക്കള്‍ക്കുള്ള നിര്‍ദേശങ്ങള്‍, പരിശീലനങ്ങള്‍ തുടങ്ങിയവയും ആപ്പ് മുഖാന്തിരം ലഭ്യമാക്കുന്നുണ്ട്.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. വി.ആര്‍. രാജു മുഖ്യാതിഥിയായി. ഐ.സി.ഡി.എസ് പേരാമ്പ്ര പ്രൊജക്ട് ഓഫീസര്‍ ദീപ മന്ത്രിയില്‍ നിന്നും ജെംസ് ബുക്കിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

സബ് കലക്ടര്‍ വി. ചെല്‍സാസിനി പദ്ധതി വിശദീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷറഫ് കാവില്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോജക്ട് മാനേജര്‍ ഡോക്ടര്‍ എ. നവീന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു. അബ്ദുല്‍ബാരി സ്വാഗതവും ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ പി.പി. അനിത നന്ദിയും പറഞ്ഞു.

പകര്‍ച്ചവ്യാധി പ്രതിരോധം: ആരോഗ്യപ്രവര്‍ത്തകരുടെ അത്യധ്വാനത്തെ അഭിനന്ദിക്കുന്നു – മന്ത്രി വീണാ ജോര്‍ജ്

-‘നിപ: അനുഭവവും പഠനവും’ ശില്പശാല സംഘടിപ്പിച്ചു

നിപ, കോവിഡ് തുടങ്ങിയ പകര്‍ച്ച വ്യാധികളുടെ പ്രതിരോധത്തിനായി നിസ്തുല സേവനം കാഴ്ചവെച്ച ആരോഗ്യപ്രവര്‍ത്തകരുടെ അത്യധ്വാനത്തെ അഭിനന്ദിക്കുന്നതായി ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ‘നിപ: അനുഭവവും പഠനവും’ എന്ന വിഷയത്തില്‍ കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ നടന്ന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2018-ല്‍ സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട്ട് നിപ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ഇതിനേക്കുറിച്ച് നമുക്ക് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. പിന്നീട് 2019-ലും 2021-ലും നിപ ബാധിതരുണ്ടായെങ്കിലും മികച്ച പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ വ്യാപനമില്ലാതാക്കാന്‍ നമുക്ക് കഴിഞ്ഞു.

പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം മുന്‍പത്തേതു പോലെ പൊതുജനങ്ങളും പ്രവര്‍ത്തിക്കണം. കോവിഡ് കാലത്തെ നമ്മുടെ ശീലങ്ങളായ മാസ്‌ക് ധരിക്കലും സാമൂഹികാകലം പാലിക്കലുമെല്ലാം ഇനിയും തുടരേണ്ടതുണ്ട്. കേരളത്തിനകത്തും പുറത്തും ജോലി ചെയ്യുന്ന നേഴ്സുമാര്‍ക്ക് മന്ത്രി നേഴ്സസ് ദിനാശംസകള്‍ നേര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനത്തിടെ അന്തരിച്ച സിസ്റ്റര്‍ ലിനി ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ഓര്‍മയ്ക്ക് മുന്നില്‍ സ്മരണാഞ്ജലി അര്‍പ്പിക്കുന്നതായും മന്ത്രി പറഞ്ഞു.

രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 4.30 വരെ ആറ് സെഷനുകളിലായാണ് ശില്പശാല സംഘടിപ്പിച്ചത്. നിപക്കെതിരെ പൊതുജാഗ്രതയുണ്ടാവുകയും നിലവിലുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ചെയ്യാനാണ് ശില്പശാല സംഘടിപ്പിച്ചത്. ആവശ്യമുള്ള തുടര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. കേരളത്തിലെ നിപ വ്യാപനത്തെ കുറിച്ച് രണ്ട് സെഷനുകളില്‍ വിശദീകരിച്ചു. പകര്‍ച്ച വ്യാധികള്‍ക്കെതിരായ മുന്നൊരുക്കങ്ങള്‍, ഉറവിടങ്ങള്‍, തയ്യാറെടുപ്പുകള്‍, തുടര്‍ന്ന് സ്വീകരിച്ച നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും എന്നിവ വിവിധ സെഷനുകളില്‍ വിശദമായി ചര്‍ച്ച ചെയ്തു. വിവിധ ജില്ലകളില്‍ നിന്നുള്ള ആരോഗ്യം, വനം-വന്യജീവി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ഗവേഷണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുത്തു.

ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത്- ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനില്‍ പങ്കെടുത്തു. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ്, ആരോഗ്യ കുടുംബ ക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യകേരളം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, മൃഗസംരക്ഷണ വകുപ്പ് ഡയക്ടര്‍ ഡോ. എ. കൗശിഗന്‍, ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജിത്ത് എന്നിവര്‍ ആശംസകളറിയിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. വി.ആര്‍. രാജു സ്വാഗതവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് നന്ദിയും പറഞ്ഞു.

സെക്കന്‍ഡറി തലത്തിലുള്ള ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം- മന്ത്രി വീണാ ജോര്‍ജ്

ലക്ഷ്യ പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച ലേബര്‍ റൂം മന്ത്രി ഉദ്ഘാടനം ചെയ്തു

സെക്കന്‍ഡറി തലത്തിലുള്ള എല്ലാ ആശുപത്രികളിലും സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ നല്‍കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്ന് ആരോഗ്യ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ ആശുപത്രിയിലേയും ആര്‍ദ്രം പദ്ധതിയുടെ പൂര്‍ത്തീകരണത്തിനനുസരിച്ച് ഇത് നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു. കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ ലക്ഷ്യ മാനദണ്ഡ പ്രകാരം പുതുക്കി പണിത ലേബര്‍ റൂം, ശിശുരോഗ വിഭാഗം ഐ.സി.യു, 400 കെ.വി.എ ട്രാന്‍സ്‌ഫോര്‍മര്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ തുറമുഖം- മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയായിരുന്നു.

പതിറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ മാതൃ-ശിശു സൗഹൃദമായി ഐക്യരാഷ്ട്രസഭ അം?ഗീകരിച്ച സംസ്ഥാനമാണ് കേരളം. മാതൃ-ശിശു മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം കൂടിയാണ് കേരളം. എല്ലാ ആശുപത്രികളും മാതൃ- ശിശു സൗഹൃദമാക്കുകയാണ് നമ്മുടെ ലക്ഷ്യം. കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രി സര്‍ക്കാര്‍ മാനദണ്ഡത്തിന്റെ 90 ശതമാനത്തിലധികം സ്‌കോര്‍ നേടി മാതൃ- ശിശു സൗഹൃദ നിലവാരത്തിലെത്തിയതായി മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയോടനുബന്ധിച്ച് വന്ധ്യതാ ചികിത്സാകേന്ദ്രം ആരംഭിക്കുന്ന കാര്യവും പരി?ഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.

സാര്‍വദേശീയ നഴ്‌സസ് ദിനത്തില്‍ എല്ലാ നഴ്‌സുമാര്‍ക്കും ആദരമറിയിച്ചുകൊണ്ടാണ് മന്ത്രി ഉദ്ഘാടനപ്രസം?ഗം ആരംഭിച്ചത്. നിപ ഉള്‍പ്പെടെയുള്ള മഹാമാരികള്‍ക്ക് മുന്‍പില്‍ കരുത്തോടെ പ്രവര്‍ത്തിച്ച് മരണത്തിനു കീഴടങ്ങിയ ലിനി അടക്കമുള്ള എല്ലാ നഴ്‌സുമാരെയും മന്ത്രി ചടങ്ങില്‍ അനുസ്മരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അനുവദിച്ച ഫണ്ട് വിനിയോഗിച്ചാണ് ആശുപത്രിയിലെ മൂന്ന് പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചത്. ലക്ഷ്യ മാനദണ്ഡ പ്രകാരം ലേബര്‍ റൂം പുതുക്കിപ്പണിയുന്നതിന് 1.4 കോടി രൂപയാണ് എന്‍.എച്ച്.എം ആര്‍.ഒ.പി പദ്ധതി പ്രകാരം അനുവദിച്ചിരുന്നത്. എച്ച്.എന്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡനായിരുന്നു നിര്‍മാണ ചുമതല. ശിശുരോഗ വിഭാഗം അത്യാഹിത വിഭാ?ഗം നിര്‍മാണത്തിനായി എന്‍.എച്ച്.എം ഇ.സി.ആര്‍.പി 11 പദ്ധതി പ്രകാരം1.8 കോടി രൂപയാണ് വകയിരുത്തിയത്. നിലവില്‍ ആറു ബെഡ്ഡുകളാണ് അത്യഹിത വിഭാ?ഗത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. 400 കെ.വി.എ ട്രാന്‍സ്‌ഫോര്‍മര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് 72.2 ലക്ഷംരൂപയാണ് ആവശ്യമായി വന്നത്. എന്‍.എച്ച്.എം ഇ.സി.ആര്‍.പി 1 പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്.

ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. വി ആര്‍ രാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ്, എന്‍.കെ.കെ.പി നോഡല്‍ ഓഫീസര്‍ ഡോ. സി.കെ. ഷാജി, വാര്‍ഡ് കൗണ്‍സിലര്‍ എസ്.കെ. അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോട്ടപ്പറമ്പ് ആശുപത്രി സൂപ്രണ്ട് ഡോ. എം. സുജാത സ്വാ?ഗതവും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ. അബ്ബാസ് നന്ദിയും പറഞ്ഞു.

ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമഗ്ര പരിഷ്‌കരണമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്: മന്ത്രി ഡോ. ആര്‍ ബിന്ദു

ഉന്നത വിദ്യാഭ്യാസമേഖലയില്‍ മികച്ച അടിസ്ഥാന വികസന സൗകര്യങ്ങളടക്കം സാധ്യമാക്കി സമഗ്രവും സമ്പൂര്‍ണ്ണവുമായ പരിഷ്‌കാരങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ ഗോള്‍ഡന്‍ ജൂബിലി ബ്ലോക്കിന്റെയും കിഫ്ബി ഫണ്ടുപയോ?ഗിച്ച് നിര്‍മിച്ച ലേഡീസ് ഹോസ്റ്റല്‍ ഒന്നാം നിലയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കി മാറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പ്രസ്തുത പ്രക്രിയയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുഖ്യ പങ്കാണുള്ളതെന്നും മന്ത്രി പറഞ്ഞു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനും മികച്ച തൊഴിലിനും അവസരം ഒരുക്കുക എന്നതാണ് സര്‍ക്കാറിന്റെ മുഖ്യപരിഗണന. അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും അനധ്യാപകരും പൂര്‍വ്വ വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് വികസന സമിതികള്‍ക്ക് രൂപം നല്‍കി സര്‍ക്കാരിന്റെ പിന്‍ബലത്തോടെ കലാലയങ്ങളെ മുന്നോട്ടു നയിക്കേണ്ടതുണ്ട്- മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന അറിവുകളെ സാമൂഹ്യ പുരോഗതിക്കും കേരളീയ ജനതയുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സമര്‍ഥമായി ഉപയോഗിക്കണമെന്ന ആഗ്രഹമാണ് സര്‍ക്കാരിനുള്ളത്. തൊഴിലിനെയും വിദ്യാഭ്യാസത്തേയും സമഗ്രമായി കോര്‍ത്തിണക്കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ തുടരുകയാണ്. വിദ്യാര്‍ഥി കേന്ദ്രീകൃതമായ കാഴ്ച്ചപ്പാടോടെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആകെ അഴിച്ചു പണിയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ തുറമുഖം- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനില്‍ പങ്കെടുത്തു. കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. എസ് ജയശ്രീ, വാര്‍ഡ് കൗണ്‍സിലര്‍ രമ്യ സന്തോഷ്, പ്രിന്‍സിപ്പല്‍ ഡോ. എടക്കോട്ട് ഷാജി, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പിഡബ്ല്യൂഡി സൂപ്രണ്ടിം ഗ് എന്‍ജിനീയര്‍ എ. മുഹമ്മദ്, കിറ്റ്‌കോ സീനിയര്‍ കണ്‍സള്‍ട്ടന്റ് എം. ബൈജു ജോണ്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീ. ചിഫ് സെക്രട്ടറി ഡോ. വി. വേണു സ്വാ?ഗതവും കോളേജ് പ്രിന്‍സിപ്പല്‍ (ഇന്‍ചാര്‍ജ്) ഡോ. എടക്കോട്ട് ഷാജി നന്ദിയും പറഞ്ഞു.

തുല്യതാ പരീക്ഷകള്‍ 14ന് തുടങ്ങും

സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന നാലാംതരം, ഏഴാംതരം തുല്യതാ പരീക്ഷകള്‍ 14ന് ആരംഭിക്കും. ജില്ലയില്‍നിന്നും 380 പേരാണ് നാലാംതരം പരീക്ഷയെഴുതുക. ഇവരില്‍ 86 പേര്‍ പുരുഷന്മാരും 294 പേര്‍ സ്ത്രീകളുമാണ്. 70 പേര്‍ പട്ടികജാതിക്കാരും 26 പേര്‍ പട്ടികവര്‍ഗ്ഗക്കാരുമാണ്. ഭിന്നശേഷിക്കാരായ 9 പേരും പരീക്ഷയെഴുതും. ഏഴാംതരം തുല്യതാ പരീക്ഷയെഴുതാന്‍ 419 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ 156 പേര്‍ പുരുഷന്മാരും 263 പേര്‍ സ്ത്രീകളുമാണ്. 60 പേര്‍ പട്ടികജാതിക്കാരും ഒരാള്‍ പട്ടിക വര്‍ഗ്ഗക്കാരനുമാണ്. 26 പേര്‍ ഭിന്നശേഷിക്കാരാണ്.

നാലാംതരത്തിന് ഇംഗ്ലീഷ് വിഷയത്തിന് വാചാ പരീക്ഷയും മറ്റ് വിഷയങ്ങള്‍ക്ക് എഴുത്ത് പരീക്ഷയുമാണ്. 100 മാര്‍ക്കുള്ള വിഷയങ്ങള്‍ക്ക് 30 മാര്‍ക്ക് ലഭിക്കുന്നവര്‍ വിജയിക്കും. ഏഴാം തരത്തിന് ഹിന്ദി വിഷയത്തിന് എഴുത്ത് പരീക്ഷയ്ക്ക് ലഭിക്കുന്ന മാര്‍ക്കിന് പുറമെ നിരന്തര മൂല്യനിര്‍ണയത്തിന് ലഭിക്കുന്ന മാര്‍ക്കും പരിഗണിക്കും. നാലാംതരം തുല്യത വിജയിക്കുന്നവര്‍ക്ക് ഏഴാംതരം തുല്യതാ കോഴ്സിലേക്കും ഏഴാംതരം തുല്യതാ കോഴ്സ് വിജയിക്കുന്നവര്‍ക്ക് പത്താം തരംതുല്യതാ കോഴ്സിലേക്കും പ്രവേശനം നല്‍കുമെന്ന് ജില്ലാ കോ-ഓഡിനേറ്റര്‍ അറിയിച്ചു.

നന്മണ്ടയില്‍ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

നന്മണ്ട ഗ്രാമപഞ്ചായത്തിലെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനവും വിള ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനവും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. ആരോഗ്യമുള്ള ഒരു ജനതയെ രൂപപ്പെടുത്തിയെടുക്കാന്‍ ഒരു കാര്‍ഷിക വിപ്ലവം തന്നെ സൃഷ്ടിക്കേണ്ടതായുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഓരോ വസ്തുവും ശുദ്ധമായിരിക്കണം. കാര്‍ഷിക സംസ്‌കൃതി തിരിച്ചു പിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌കാരം വളര്‍ത്തുക, സംസ്ഥാനത്തെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കുക, സുസ്ഥിരമായ ഒരു കാര്‍ഷിക മേഖല രൂപപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്. പദ്ധതിയുടെ ഭാഗമായി നന്മണ്ട ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇതിനോടകം വിത്തുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. തരിശുനിലങ്ങള്‍ കണ്ടെത്തി കൃഷി വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് കൃഷിഭവനും പഞ്ചായത്തും. ഇതിനായി പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്.

നന്മണ്ട എ.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. സുനില്‍കുമാര്‍ കര്‍ഷകരെ ആദരിച്ചു. ജില്ലാ കൃഷി ഓഫീസര്‍ ശശി പൊന്നണ പദ്ധതി വിശദീകരണം നടത്തി.

വൈസ് പ്രസിഡന്റ് സി.കെ. രാജന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഹരിദാസന്‍ ഈച്ചരോത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പ്രതിഭ രവീന്ദ്രന്‍, കുണ്ടൂര്‍ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത വടക്കേടത്ത്, ഗ്രാമപഞ്ചായത്ത് അംഗം നിത്യകല, ചേളന്നൂര്‍ ബ്ലോക്ക് കൃഷി അസി.ഡയറക്ടര്‍ കെ.ജി ഗീത തുടങ്ങിയവര്‍ പങ്കെടുത്തു. നന്മണ്ട കൃഷി ഓഫീസര്‍ ടി. കെ നസീര്‍ സ്വാഗതവും കൃഷി അസി.പി. ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

നഴ്‌സസ് ദിനാചരണം മേയര്‍ ഉദ്ഘാടനം ചെയ്തു

-നഴ്‌സസ് വാരാചരണം സമാപിച്ചു

നഴ്‌സസ് ദിനാചരണം മെഡിക്കല്‍ കോളേജിലെ നിള ഓഡിറ്റോറിയത്തില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ശ്രീജയന്‍ അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് മുഖ്യാതിഥിയായിരുന്നു. ഗവ. നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പ്രൊഫ. മേരി ജോസഫിന്‍ നഴ്‌സസ് ദിന സന്ദേശം നല്‍കി.

മെയ് ആറിന് ഗവ. നഴ്‌സിംഗ് സ്‌കൂളില്‍ നിന്നാരംഭിച്ച വിളംബരജാഥയോടു കൂടിയാണ് നഴ്‌സസ് വാരാചരണം ആരംഭിച്ചത്. മെയ് ഏഴ് മുതല്‍ 12 വരെ വിവിധ കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ചടങ്ങില്‍ മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സജീത്കുമാര്‍, ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. സി. ശ്രീകുമാര്‍, ഐ.സി.ഡി സൂപ്രണ്ട് ഡോ. കെ.പി. സൂരജ്, എം.സി.എച്ച് ചീഫ് നഴ്‌സിംഗ് ഓഫീസര്‍ വി.പി. സുമതി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ എം.സി.എച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് വി.കെ. വാസന്തി സ്വാഗതവും നഴ്‌സസ് വാരാഘോഷ കമ്മിറ്റി ആക്ടിംഗ് കണ്‍വീനര്‍ ഒ.കെ. രാജേഷ് നന്ദിയും പറഞ്ഞു.

ഗവ. എഞ്ചിനീയറിംഗ് കോളേജിന്റെ മെക്കാനിക്കല്‍ പ്രോഡക്ഷന്‍ ലാബ് ഉദ്ഘാടനം ചെയ്തു

ഗവ. എഞ്ചിനീയറിംഗ് കോളേജിന്റെ മെക്കാനിക്കല്‍ പ്രോഡക്ഷന്‍ ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനം മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു. 1.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് നിര്‍മിച്ച ഇരുനിലകെട്ടിടത്തില്‍ ക്ലാസ് മുറികള്‍, സെമിനാര്‍ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, ടോയ്ലറ്റ് ബ്ലോക്കുകള്‍, ഗോവണി റൂം തുടങ്ങിയവയാണ് സജ്ജീകരിച്ചിരിക്കുന്നത്. വിട്രിഫൈഡ് ഫ്‌ലോറിംഗ് നടത്തിയ നിലത്തോട് കൂടിയാണ് നിര്‍മാണം പൂര്‍ത്തികരിച്ചത്.

കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. എസ് ജയശ്രീ അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യൂ.ഡി സുപ്രണ്ടിംഗ് എന്‍ജിനീയര്‍ എ. മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍ സി.എസ്. സത്യഭാമ, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മേധാവി ഡോ. ബി. ശ്രീജിത്ത്, ഇന്‍സ്റ്റിറ്റ്യൂട്ട് വികസന കമ്മിറ്റി അം?ഗം ഡോ. സി രഘുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. പി.പി. സജിത്ത് സ്വാഗതവും പ്രൊഫ. ഡോ. കെ. ഷാജി നന്ദിയും പറഞ്ഞു.

എന്റെ തൊഴില്‍ എന്റെ അഭിമാനം: നാദാപുരത്ത് സര്‍വ്വേ തുടങ്ങി

എന്റെ തൊഴില്‍ എന്റെ അഭിമാനം ക്യാമ്പയിനിന്റെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് തല സര്‍വ്വേ ആരംഭിച്ചു. അഭ്യസ്ഥ വിദ്യരായവരുടെയും അല്ലാത്തവരുടെയും തൊഴില്‍ ശക്തി, സാധ്യതകള്‍, പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സര്‍ക്കാറിന്റെയും ധനകാര്യ ഏജന്‍സികളുടെയും പിന്തുണ, നിലവിലുള്ള സംരംഭകരുടെ നൈപുണ്യ വികസനം തുടങ്ങിയ കാര്യങ്ങളില്‍ ഗ്രാമപഞ്ചായത്ത് 14 ആം പഞ്ചവത്സര പദ്ധതിയില്‍ ഏറെ പ്രധാന്യം നല്‍കാന്‍ തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി സര്‍വേയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നിര്‍വഹിച്ച് പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.കെ. നാസര്‍, എം.സി. സുബൈര്‍, ഹാരിസ് മാത്തോട്ടത്തില്‍, എ.ടി.കെ. രതി എന്നിവര്‍ പങ്കെടുത്തു.

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് വേളം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി

പച്ചക്കറിക്കൃഷിയില്‍സ്വയം പര്യാപ്തത കൈവരിക്കുക,സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’പദ്ധതിക്ക് വേളം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്തിലെ മികച്ച കര്‍ഷകനായ ഉദീപിന് പച്ചക്കറി വിത്തു നല്‍കിക്കൊണ്ട് കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ അധ്യക്ഷയായി.

ചടങ്ങില്‍ കൃഷി ഓഫീസര്‍ അനുസ്മിത, കൃഷി അസി. ഓഫീസര്‍ വി. ശരത്ത്, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സറീന, നടുക്കണ്ടി പഞ്ചായത്ത് അംഗങ്ങളായ സുമ മലയില്‍, പി. സൂപ്പി, കെ.കെ. മനോജന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിദ്യാലയങ്ങളിൽ പരാതി പരിഹാരസെല്ലുകൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ ഇടപെടൽ നടത്തും- വനിതാകമ്മീഷൻ അധ്യക്ഷ

മുഴുവൻ വിദ്യാലയങ്ങളിലും പരാതി പരിഹാരസെൽ സംവിധാനം ഏർപ്പെ‌ടുത്താൻ ഇട‌പെ‌ടൽ നടത്തുമെന്ന് വനിതാകമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വനിതാകമ്മീഷൻ അദാലത്തുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അവർ. എല്ലാ വിദ്യാലയങ്ങളിലും അധ്യാപികമാർ, ജീവനക്കാർ, കുട്ടികൾ എന്നിവർക്ക് പരാതിപ്പെടാൻ സംവിധാനം ഒരുക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടും. ഒരുകൂട്ടം അധ്യാപികമാരാണ് അൺ എ