സ്വയംതൊഴില്‍ ആരംഭിക്കാന്‍ അവസരമൊരുക്കി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്; ധനസഹായ പദ്ധതികളെ കുറിച്ച് കൂടുതലറിയാം


കോഴിക്കോട്: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികളിലേക്ക് എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. കെസ്‌റു, മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്ബ്, ശരണ്യ, കൈവല്യ എന്നീ സ്വയം തൊഴില്‍ പദ്ധതികളിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാന്‍ അവസരം. അപേക്ഷ ഫോം http://www.employment.kerala.gov.in ലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ലഭ്യമാണ്. പദ്ധതികളുടെ വിശദവിവരങ്ങള്‍:

കെസ്‌റു സ്വയം തൊഴില്‍ പദ്ധതി:
കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ള 21 നും 50 നും മേധ്യ പ്രായമുള്ളവര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാന്‍ ബാങ്ക് മുഖേന ഒരു ലക്ഷം രൂപ വരെ വായ്പയും 20000 രൂപവരെ സബ്‌സിഡിയും നല്‍കുന്ന പദ്ധതിയാണിത്.

മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്ബ് സ്വയം തൊഴില്‍ പദ്ധതി
കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ള 21 നും 45 നും മധ്യേ പ്രായമുള്ള ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് സംയുക്ത സംരംഭം ആരംഭിക്കുന്നതിനായി അവസരമൊരുക്കുന്ന പദ്ധതിയാണിത്. ബാങ്ക് മുഖേന 10 ലക്ഷം രൂപ വരെ വായ്പയും രണ്ട് ലക്ഷം രൂപവരെ സബ്‌സിഡിയും ലഭിക്കും.

ശരണ്യ സ്വയം തൊഴില്‍ പദ്ധതി
വിധവകള്‍, നിയമാനുസൃതമായി വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായവര്‍, പട്ടികവര്‍ഗ്ഗത്തിലെ അവിവാഹിതരായ അമ്മമാര്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതരായവര്‍, ശയ്യാവലംബരും നിത്യരോഗികളുമായ ഭര്‍ത്താവുള്ളവര്‍ എന്നീ വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപ വരെയുള്ള 18 നും 55 നും മേധ്യ പ്രായമുള്ള സ്ത്രീകള്‍ക്കാണ് അവസരം. സ്വയം തൊഴില്‍ ആരംഭിക്കാനായി 50000 രൂപ പലിശ രഹിത വായ്പയും 25000 രൂപ സബ്‌സിഡിയും ലഭിക്കും.

കൈവല്യ സ്വയം തൊഴില്‍ പദ്ധതി
കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപ വരെയുള്ള 21 നും 55 നും മദ്ധ്യേ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതിയാണിത്. 50000 രൂപ പലിശ രഹിത വായ്പയും 25000 രൂപ സബ്‌സിഡിയും ലഭിക്കും.