സ്വയം സംരംഭങ്ങള്‍ തുടങ്ങാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരുലക്ഷം രൂപവരെ ധനസഹായം


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും കുടുംബശ്രീ മിഷ്യനും സംയുക്തമായി ബ്ലോക്ക് പരിധിയിലെ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും നൂതന സ്വയംസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. സെപ്തംബര്‍ 30 നകം കുടുംബശ്രീ സി.ഡി.എസ് മുഖേനയോ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മുഖേനയോ അപേക്ഷകള്‍ നല്‍കണം.

സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രൊജക്റ്റ് റിപ്പോര്‍ട്ട് ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കി നല്‍കും. വ്യക്തികള്‍ക്ക് 50,000 രൂപയും 3 അംഗങ്ങള്‍ അടങ്ങിയ ഗ്രൂപ്പുകള്‍ക്ക് 1,00,000 രൂപ വരെയും 4 ശതമാനം നിരക്കില്‍ ധനസഹായവും അനുവദിക്കും.

അപേക്ഷകര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്അപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് ഓഫീസുമായോ ബ്ലോക്ക് വുമണ്‍വെല്‍ഫെയര്‍ ഓഫീസറുമായോ ബന്ധപ്പെടാവുന്നതാണ്. ഈ പദ്ധതി വഴി ബ്ലോക്ക് അതിര്‍ത്തിയിലെ 1000 പേര്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.