സ്ലാബ് തകര്‍ന്ന് സെപ്റ്റിക് ടാങ്കില്‍ വീണ സഹോദരങ്ങളെ സാഹസികമായി രക്ഷപ്പെടുത്തി; പേരാമ്പ്ര ഫയര്‍ ഫോഴ്‌സിലെ രണ്ട് ജീവനക്കാരെ സത്‌സേവന പത്രം നല്‍കി ആദരിച്ചു


പേരാമ്പ്ര: മേപ്പയ്യൂര്‍ ചങ്ങരംവള്ളിയില്‍ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് സെപ്റ്റിക് ടാങ്കിന്റെ കുഴിയില്‍ വീണ സഹോദരങ്ങളെ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തിയ പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ രണ്ട് സേനാംഗങ്ങള്‍ക്ക് സത് സേവനപത്രം നല്‍കി ആദരിച്ചു. സീനിയര്‍ ഫയര്‍ ഓഫീസ്സര്‍ (ഗ്രേഡ്) ഉണ്ണികൃഷ്ണന്‍.ഐ, ഫയര്‍ ഓഫീസ്സര്‍ ജിനേഷ്.ആര്‍ എന്നിവര്‍ക്കാണ് കോഴിക്കോട് റീജിയണല്‍ ഫയര്‍ ഓഫീസര്‍ രജീഷ്.ടി സത് സേവനപത്രം നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് ചങ്ങരംവള്ളി ചെറുവത്ത് മീത്തല്‍ രാജന്റെ മക്കളായ അഭിജിത്ത് (18), അനുജിത്ത് (27) എന്നിവര്‍ അപകടത്തില്‍ പെട്ടത്. രാജന്റെ വീട്ടിലെ മൂന്ന് മീറ്റര്‍ ആഴമുള്ള കുഴിയിലാണ് ഇവര്‍ വീണത്. ഉപയോഗത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിന് സമീപം നില്‍ക്കുകയായിരുന്നു അഭിജിത്ത് സ്ലാബ് തകര്‍ന്ന് കുഴിയില്‍ വീഴുകയായിരുന്നു. ഇത് കണ്ട് അനുജനെ രക്ഷിക്കാനെത്തിയ അനുജിത്തും കുഴിയിലേക്ക് വീഴുകയായിരുന്നു. വായുസഞ്ചാരമില്ലാത്ത കുഴിയായതിനാല്‍ വലിയ അപകടസാധ്യതയാണ് ഇവിടെ ഉണ്ടായിരുന്നത്.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീശന്‍, എസ്.എഫ്.ആര്‍.ഒ പ്രേമന്‍ പി.സി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി.

വായുസഞ്ചാരമില്ലാത്തതിനാല്‍ അപകടത്തില്‍ പെട്ടവര്‍ക്ക് ശ്വാസതടസമുണ്ടാകാതിരിക്കാനുള്ള നടപടിയാണ് ആദ്യം സ്വീകരിച്ചത്. ഇതിനായി അന്തരീക്ഷ വായുനിറച്ച ബി.എ സിലിണ്ടര്‍ തുറന്ന് വീട്ട് കുഴിയില്‍ വായുസഞ്ചാരം ഉറപ്പുവരുത്തി.

തുടര്‍ന്ന് ഫയര്‍ ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്‍ ഐ, ജിനേഷ് എന്നിവര്‍ ശ്വസനവായു ലഭിക്കാനുള്ള ബി.എ സെറ്റ് എന്ന പ്രത്യേക ഉപകരണം ധരിച്ച് കുഴിയില്‍ ഇറങ്ങി രണ്ട് പേരെയും പുറത്തെടുക്കുകയായിരുന്നു. പുറത്തെടുത്ത ഉടന്‍ സി.പി.ആര്‍ എന്ന പ്രാഥമികശുശ്രൂഷ നല്‍കിയ ശേഷം ഇരുവരെയും കല്ലോട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.

ഫയര്‍ ഫോഴ്സ് ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് അപകടത്തില്‍ പെട്ട സഹോദരങ്ങളുടെ ജീവന്‍ രക്ഷിക്കാനായത്. സജീവന്‍. സി, ബിനീഷ് കുമാര്‍, സുധീഷ്, ഷൈജേഷ് എ.പി, സാരംഗ്, അന്‍വര്‍ സാലിഹ് ഹോംഗാഡ്മാരായ വിജയന്‍, രാജേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിരുന്നു. രണ്ട് ജീവനുകള്‍ രക്ഷിച്ച പേരാമ്പ്ര ഫയര്‍ ഫോഴ്സ് യൂണിറ്റിലെ അംഗങ്ങളെ നാട്ടുകാരും ജനപ്രതിനിധികളും അഭിനന്ദിച്ചു.