സ്ഥാപിച്ച് ഒരു വര്‍ഷമാകുമ്പോഴേക്കും മിനിമാസ്റ്റ് ലൈറ്റ് കണ്ണടച്ചു, ഇരുട്ടില്‍ തപ്പി കടിയങ്ങാട് നഗരം


പേരാമ്പ്ര: തെരുവ് വിളക്കുകള്‍ കൂട്ടത്തോടെ മിഴി ചിമ്മിയതിനാല്‍ കടിയങ്ങാട് ടൗണും പരിസരവും ഇരുട്ടിലായി. കഴിഞ്ഞ വര്‍ഷമാണ് പേരാമ്പ്ര-കുറ്റ്യാടി പാതയില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. എന്നാല്‍ ഒരു വര്‍ഷം തികയുമ്പോഴേക്കും ലൈറ്റ് പ്രവര്‍ത്തനരഹിതമായത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കി.

ദൂരസ്ഥലങ്ങളിലെ ജോലികഴിഞ്ഞ് തിരികെയെത്തുന്നവര്‍ക്ക് ഏക ആശ്രയം കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചമാണ്. രാത്രി എട്ടരയോടെ കടകള്‍ പൂട്ടിയാല്‍ ടൗണും പരിസരവും പൂര്‍ണമായും ഇരുട്ടില്‍ മുങ്ങും. ദൂര സ്ഥലങ്ങളില്‍ നിന്നും രാത്രി വൈകി ജംങ്ഷനിലെത്തുന്ന മുതുകാട്, പെരുവണ്ണാമൂഴി , പന്തിരിക്കര, പട്ടാണിപ്പാറ, ചക്കിട്ടപ്പാറയിലേക്കും മറ്റുമുള്ള യാത്രക്കാരും പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളും കുട്ടികളും പ്രായമായവരുമുള്‍പ്പെടെയുള്ളവര്‍ പ്രയാസത്തിലാണ്.

സന്ധ്യയാകുന്നതോടെ പ്രദേശം മുഴുവന്‍ ഇരുട്ടിലാക്കുന്നതിനാല്‍ ഇവിടം സാമുഹിക വിരുദ്ധര്‍ താവളമാക്കിയിരിക്കുകയുമാണെന്ന് ആക്ഷേപമുയരുന്നുണ്ട്. പ്രദേശത്ത് മദ്യ-മയക്കുമരുന്ന് ലോബികള്‍ പിടിമുറുക്കിയതായും നാട്ടുകാര്‍ പറഞ്ഞു. തെരുവ് വിളക്കുകള്‍ കത്താത്തത് മുതലെടുത്ത് പ്രദേശത്ത് മോഷ്ടാക്കള്‍ തലപൊക്കിത്തുടങ്ങിയതായും ആക്ഷേപമുണ്ട്.

ജനങ്ങളുടെ ആശങ്കകളകറ്റാന്‍ പ്രദേശത്തെ തെരുവുവിളക്കുകള്‍ കത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പല തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.