സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പ്രശ്‌നം; പേരാമ്പ്രയിൽ കോൺഗ്രസിലെ പ്രശ്‌നപരിഹാരത്തിന് കോർകമ്മിറ്റി
പേരാമ്പ്ര : പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിനിർണയവുമായി ബന്ധപ്പെട്ട് പേരാമ്പ്ര മണ്ഡലത്തിലെ കോൺഗ്രസിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി. മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിക്കുന്നതുവരെ വിട്ടുനിന്നവരെകൂടി ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിക്കും. നവംബർ മൂന്നിനകം കോർകമ്മിറ്റി നിലവിൽവരും. തർക്കങ്ങൾ ഒറ്റക്കെട്ടായി പരിഹരിക്കാനും വിട്ടുനിന്നവർ പ്രവർത്തനരംഗത്ത് സജീവമാകാനും തീരുമാനിച്ചു.
കെ.പി.സി.സി. സെക്രട്ടറി സത്യൻ കടിയങ്ങാട്, ഡി.സി.സി. ജനറൽ സെക്രട്ടറി രാജൻ മരുതേരി, ബ്ലോക്ക് പ്രസിഡന്റ് കെ. മധുകൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി പി.കെ. രാഗേഷ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എസ്. സുനിൽകുമാർ, മുൻ മണ്ഡലം പ്രസിഡന്റുമാരായ പി.ടി. ഇബ്രാഹിം, ബാബു തത്തക്കാടൻ, വാസു വേങ്ങേരി, മഹിളാകോൺഗ്രസ് നേതാവ് വി. ആലീസ് മാത്യു, ഇ.പി. മുഹമ്മദ്, പി.സി. കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു.
പഞ്ചായത്തിലെ എട്ടാംവാർഡിൽ കോൺഗ്രസിലെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരേ വിമതസ്ഥാനാര്‍ത്ഥിയായി മുൻമണ്ഡലം പ്രസിഡന്റ് പി.പി. രാമകൃഷ്ണൻതന്നെ രംഗത്തെത്തുന്ന സ്ഥിതിയുണ്ടായി. തിരഞ്ഞടുപ്പിന് മുമ്പ് തന്നെ പി.പി. രാമകൃഷ്ണന്റെ നേതൃത്വത്തിൽ ഒരുവിഭാഗം എൻ.സി.പി.യിൽ ചേർന്നിരുന്നു. മറ്റൊരുവിഭാഗം കോൺഗ്രസിൽതന്നെ തുടർന്നു. ഇവരുമായാണ് പ്രശ്നങ്ങൾ ചർച്ചനടത്തിയത്.