സ്ഥലത്തെ ചൊല്ലി തർക്കം; ഉള്ളിയേരിയിൽ കോവിഡ് ബാധിതയുടെ ശവസംസ്‌കാരം ഒരുദിവസം വൈകി
ഉള്ളിയേരി: ശവസംസ്കാരം നടത്താൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്തെ ചൊല്ലിയുള്ള തർക്കംമൂലം കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ ശവസംസ്കാരം ഒരുദിവസം വൈകി. കക്കഞ്ചേരിയിലെ ഒതയോത്ത് പറായിയാണ് ബുധനാഴ്ച വൈകീട്ട് മരിച്ചത്. അറുപത്തി ആറ് വയസ്സായിരുന്നു. നിരവധി തർക്കങ്ങൾക്കും മകന്റെ ആത്മഹത്യാശ്രമങ്ങൾക്കുമൊടുവിൽ പിറ്റേദിവസം ഉച്ചയോടെയാണ് സംസ്കാരം സംബന്ധിച്ച് തീരുമാനമായത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വീട്ടുവളപ്പിൽ സംസ്കരിക്കാമെന്ന നിബന്ധനയിൽ മൃതദേഹം വിട്ടുകൊടുക്കാൻ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ആശുപത്രി അധികൃതർക്ക് ബുധനാഴ്ചതന്നെ അനുമതി നൽകിയിരുന്നു. പിന്നീടാണ് സംസ്കരിക്കാനുദ്ദേശിച്ച സ്ഥലത്തിന്റെ ഉടമസ്ഥത മറ്റൊരു സ്ഥാപനത്തിനാണെന്ന പരാതി ഉയർന്നത്. ഇതോടെ സെക്രട്ടറി അനുമതി പിൻവലിച്ചു. പോലീസെത്തി സംസ്കാരം പൊതുശ്മശാനത്തിലേക്ക് മാറ്റണമെന്ന് നിർദേശിച്ചു. രാത്രി ഒമ്പതുമണിയോടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വ്യാഴാഴ്ച രാവിലെ പറായിയുടെ മകൻ രാജു മൃതദേഹം വിട്ടുതരണമെന്നും അച്ഛനെ അടക്കംചെയ്ത സ്ഥലത്ത് അടക്കം ചെയ്യണമെന്നായിരുന്നു അമ്മയുടെ ആഗ്രഹമെന്നും പറഞ്ഞു. കുടുംബവളപ്പിൽ സംസ്കരിക്കാൻ വിട്ടു തന്നില്ലെങ്കിൽ ആശുപത്രിയുടെ മുകളിൽനിന്ന് ചാടി ആത്‌മഹത്യചെയ്യുമെന്ന് പറഞ്ഞ് ആശുപത്രിയുടെ അഞ്ചാം നിലയിലേക്ക് ഓടി. തുടർന്ന് ഫയർഫോഴ്‌സും രംഗത്തെത്തി. മകൾ ഷീജ ഫയർഫോഴ്‌സ് ആംബുലൻസിന്റെമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ആർ.ഡി.ഒ. ബിജു, തഹസിൽദാർ മണി, പേരാമ്പ്ര ഡിവൈ.എസ്.പി. ജെയിൻ ഡോമനിക്ക് എന്നിവരും സ്ഥലത്തെത്തിയിരുന്നു. ആശുപത്രി അധികൃതരുംമറ്റും ചേർന്ന് രാജുവിനെ അനുനയിപ്പിച്ചു. തുടർന്ന് കളക്ടറുമായി ആർ.ഡി.ഒ. വീഡിയോകോൺഫറൻസിങ് വഴി ചർച്ച നടത്തി. ഗ്രാമപ്പഞ്ചായത്ത് മെംബർ ബൈജു കൂമുള്ളി, അയ്യങ്കാളി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ജില്ലാ ചെയർമാൻ എം.സി. അനീഷ്, കൺവീനർ സുനിൽലാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കുടുംബം 90 വർഷമായി താമസിക്കുന്ന സ്ഥലമാണെന്നും പൂർവികരെ അടക്കംചെയ്ത മണ്ണാണെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി. ചർച്ചയ്ക്കൊടുവിൽ ശവസംസ്കാരം വീട്ടുവളപ്പിൽ നടത്താൻ കളക്ടർ നിർദേശിക്കുകയായിരുന്നു.
ഒന്നരയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വൈകീട്ട് മൂന്നരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പരേതനായ കണ്ടനാണ് ഭർത്താവ്. പുഷ്പയാണ് മറ്റൊരു മകൾ. സഹോദരങ്ങൾ: കണ്ണൻ, പരേതയായ ലക്ഷ്മി.