സ്ഥല സൗകര്യമില്ല; ജില്ലയിലെ മാറ്റാനുള്ള മദ്യവിൽപ്പനശാലകളുടെ പട്ടികയില്‍ പേരാമ്പ്രയും


പേരാമ്പ്ര : സ്ഥലസൗകര്യമില്ലാത്തതും പൊതുജനങ്ങളുടെ സഞ്ചാരത്തിന് തടസ്സമാകുന്നതുമായ മദ്യവിൽപ്പനശാലകൾ മാറ്റാനുള്ള പട്ടികയിൽ ജില്ലയിലുള്ളത് നാല് ബീവറേജ് മദ്യഷോപ്പുകൾ. പേരാമ്പ്ര, രാമനാട്ടുകര, കരിക്കാംകുളം, കോട്ടക്കടവ് എന്നിവിടങ്ങളിലെ ബീവറേജ് ഷോപ്പുകളാണ് മാറ്റാനുള്ള നിർദേശമുള്ളത്.

എക്സൈസ്, ബീവറേജ്, കൺസ്യൂമർ ഫെഡ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ഷോപ്പുകൾ സന്ദർശിച്ച് ഓഡിറ്റ് നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മദ്യശാലകൾക്കുമുന്നിലെ തിരക്ക് കുറയ്ക്കാനുള്ള ഹൈക്കോടതിയുടെ ഇടപെടലിന്റെ തുടർച്ചയായിട്ടായിരുന്നു നടപടി. സൗകര്യപ്രദമായ പുതിയ സ്ഥലങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

കൂടുതൽ വിൽപ്പനനടന്ന ദിവസങ്ങളിലൊന്നായ കഴിഞ്ഞ ശനിയാഴ്ച, കോട്ടക്കടവിൽ 20,79,620 രൂപയുടെയും രാമനാട്ടുകര 29,50,830 രൂപയുടെയും കരിക്കാംകുളം 20,88,240 രൂപയുടെയും പേരാമ്പ്രയിൽ 24,739,20 രൂപയുടെയും വരുമാനം ഷോപ്പുകളിൽനിന്ന് ലഭിച്ചിട്ടുണ്ട്.

പേരാമ്പ്രയിൽ കോഴിക്കോട്-കുറ്റ്യാടി സംസ്ഥാനപാതയോരത്ത് മാർക്കറ്റിനു സമീപഭാഗത്തായി വാടകക്കെട്ടിടത്തിന്റെ മുകൾനിലയിലാണ് ബീവറേജ് മദ്യശാലയുള്ളത്. മുകളിൽനിന്ന് തുടങ്ങി കെട്ടിടത്തിന്റെ താഴേക്കാണ് ക്യൂ നീളുക. തിരക്കുള്ള സമയത്ത് സംസ്ഥാന പാതയോരത്തേക്ക് കടകൾക്കു മുന്നിലൂടെ ക്യൂ നീണ്ടുപോകും.

രാമനാട്ടുകരയിൽ ദേശീയപാതയോരത്ത് താഴത്തെ നിലയിലാണ് ബീവറേജ് കട. തിരക്കേറുമ്പോൾ പെട്രോൾ പമ്പ് വരെയും മറുഭാഗത്ത് രാമനാട്ടുകര ‘മാതൃഭൂമി’ ബ്യൂറോ പരിസരത്തേക്കും ക്യൂ നീളും. മലപ്പുറം ജില്ലയിലേക്കുള്ള പ്രവേശനകവാടത്തിന് സമീപം കോട്ടക്കടവ് കടലുണ്ടി റോഡരികിൽ, കടലുണ്ടി പഞ്ചായത്തിലെ തിരക്കേറിയ സ്ഥലത്താണ് കോട്ടക്കടവ് ബീവറേജ് ഷോപ്പുള്ളത്.

അതിർത്തിപ്രദേശത്തായതിനാൽ രണ്ടു ജില്ലയിൽനിന്നും മദ്യം വാങ്ങാൻ ഇവിടേക്ക് ആളുകൾ എത്തുന്നിടമാണ്. ബാലുശ്ശേരി-കോഴിക്കോട് റോഡിരികിൽ കരിക്കാംകുളത്ത് കെട്ടിടത്തിനു മുകൾനിലയിലാണ് ബീവറേജ് ഷോപ്പുള്ളത്.

ജില്ലയിൽ 14 മദ്യഷോപ്പുകൾ

കേരള സ്റ്റേറ്റ് ബീവറേജ് കോർപ്പറേഷന്റെയും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷന്റെയും കീഴിലാണ് സംസ്ഥാനത്ത് സർക്കാരിനു കീഴിൽ ഇന്ത്യൻ നിർമിത വിദേശമദ്യ വിൽപ്പനശാലകൾ പ്രവർത്തിക്കുന്നത്. 270 ബീവറേജ് കടകളും 36 കൺസ്യൂമർ ഫെഡ് കടകളുമാണ് സംസ്ഥാനത്തുള്ളത്.

ജില്ലയിലാകെ 14 മദ്യവിൽപ്പനശാലകളുണ്ട്. ഇതിൽ 11 എണ്ണം ബീവറേജ് കോർപ്പറേഷന്റെയും മൂന്നെണ്ണം കൺസ്യൂർഫെഡിന്റെയുമാണ്. മൂന്ന് കൗണ്ടർ സൗകര്യമുള്ള ആറ് മദ്യവിൽപ്പന ഷോപ്പുകളും സെൽഫ് സർവീസ് സൗകര്യമുള്ള ഏഴ് ഷോപ്പുകളുമുണ്ടെന്ന് പരിശോധനാ റിപ്പോർട്ടിൽ പറയുന്നുണ്ട്.

സംസ്ഥാനത്ത് ആകെ മാറ്റാനായി നിർദേശമുള്ള 96 ഷോപ്പുകളിൽ ഏറ്റവും കൂടുതൽ മദ്യവിൽപ്പന ഷോപ്പുകളുള്ള (46) എറണാകുളം ജില്ലയിലാണ് 18 എണ്ണം മാറ്റിസ്ഥാപിക്കാനുള്ളത്. ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ പത്തുവീതവും കോട്ടയും മലപ്പുറം ജില്ലകളിൽ ഒമ്പതുവീതവും മദ്യവിൽപ്പനഷോപ്പുകൾ മാറ്റാൻ നിർദേശിച്ചവയിൽ ഉൾപ്പെടും.