സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: പ്രതിക്ക് 20 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി


കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഇരമംഗലം സ്വദേശിയായ തരിപ്പാകുനി മലയില്‍ ഷിഞ്ചുവിനാണ് (46) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.

വയനാട്ടിലേക്ക് വിനോദയാത്ര പോയ സമയത്ത് ബസ്സില്‍ വച്ചാണ് പ്രതി പെണ്‍കുട്ടിയെ ലൈംഗിക പീഢനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു.

കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി അനില്‍ ടി.പിയാണ് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.

ബാലുശ്ശേരി പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി. ജെതിന്‍ ഹാജരായി. ലൈസന്‍ ഓഫീസര്‍ ഷിനി. കെ പ്രോസിക്യൂഷനെ അസിസ്റ്റ് ചെയ്തു. സംഭവം നടന്ന് രണ്ട് വര്‍ഷത്തിനകമാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചത്.