സ്‌കൂള്‍ തുറക്കല്‍ നടപടി വേഗത്തിലാക്കാന്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കണമെന്ന് സി.പി.എ അസീസ്


പേരാമ്പ്ര: സ്‌കൂള്‍ തുറക്കല്‍ നടപടി ത്വരിതപ്പെടുത്താന്‍ സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കുന്നതിനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എ.ടി.എഫ് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര എ.ഇ.ഒ ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂളുകള്‍ തുറക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, എന്‍.ഇ.പി ദേശീയ വിദ്യാഭ്യാസ നയത്തില്‍ അറബി ഭാഷാപഠനം ഉറപ്പാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, കെ ടെറ്റ് സര്‍വ്വീസിലുള്ളര്‍ക്ക് ഇളവ് അനുവദിക്കുക, അറബിക് സര്‍വകലാശാല സ്ഥാപിക്കുക, ഹയര്‍സെക്കന്‍ഡറി ഭാഷാപഠന വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ.എ.ടി.എഫ് ധര്‍ണ്ണ നടത്തിയത്.

ധര്‍ണ്ണയില്‍ എം.ടി.മുനീര്‍ അധ്യക്ഷത വഹിച്ചു. കെ.കെ.മുഹമ്മദ് അലി, കെ.കെ.ജെറീഷ്, ആസിഫ് നൊച്ചാട്, സി.കെ.ഷക്കീര്‍, കെ.എം അന്‍സാര്‍, എന്‍.അബ്ദുല്‍സലാം തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് എ.ഇ.ഒക്ക് അവകാശ പത്രിക സമര്‍പ്പിച്ചു.