സ്കൂളുകളും കോളേജുകളും തുറക്കുന്നത് ഏറെ സുരക്ഷാമുന്നൊരുക്കങ്ങളോടെ; സ്കൂള്‍ വാഹനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തേണ്ടത് പൊലീസ്; ഒരുക്കങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സുരക്ഷയ്ക്ക് തയ്യാറാക്കിയ പദ്ധതികള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഓരോ സ്കൂളിലും സുരക്ഷാ മുന്നൊരുക്കങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പൊലീസിന് ചുമതല നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും ചര്‍ച്ച ചെയ്ത് വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പൊലീസ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ അതത് പ്രദേശത്തെ സ്കൂളുകളിലെ പ്രധാന അധ്യാപകരുടെയും സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ചുകൂട്ടി കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
കുട്ടികളെ കൊണ്ടുവരുന്ന സ്കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം പൊലീസിനാണ് ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ സഹായം തേടിയിരിക്കണം. സ്കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഒക്ടോബര്‍ ഇരുപതിന് മുമ്പ് പൂര്‍ത്തിയാക്കണം. സ്വകാര്യ വാഹനങ്ങളായാലും സ്കൂള്‍ വാഹനമായാലും അവ ഓടിക്കുന്നവര്‍ക്ക് പത്തുവര്‍ഷത്തെ പ്രവര്‍ത്തന പരചയമുണ്ടായിരിക്കണം. എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെ സ്കൂള്‍ സ്റ്റേഫ്റ്റി ഓഫീസറായി നിയമിക്കണം. ഇക്കാര്യങ്ങള്‍ നടക്കുന്നുണ്ടോയെന്ന് എസ്.എച്ച്.ഒ സ്കൂളിലെത്തി പരിശോധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.