സ്‌കൂട്ടറില്‍ സഞ്ചരിക്കവെ കാട്ടുപന്നിയിടിച്ച് തെറിപ്പിച്ചു; കാട്ടുപന്നിയുടെ ആക്രമണത്തില്‍ കല്ലാനോട് സ്വദേശിക്ക് പരിക്ക്


കൂരാച്ചുണ്ട്: കാട്ടുപന്നിയുടെ ആക്രമണം തുടര്‍ക്കഥയാവുന്നു. സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് യാത്രക്കാരന് പരിക്കേറ്റു. കല്ലാനോട് സ്വദേശിയായ മൈക്കാട്ട് മാലില്‍ ശ്രീനിക്കാണ് (49) പരിക്കേറ്റത്. ബാലുശ്ശേരിക്ക് സമീപം തേനാക്കുഴിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 4.30-ഓടെയാണ് സംഭവം.

എകരൂലില്‍ ഹോട്ടല്‍ നടത്തുന്ന ശ്രീനി രാവിലെ കടയിലേക്ക് പോകുംവഴിയാണ് കാട്ടുപന്നി ആക്രമിച്ചത്. റോഡിന്റെ വശത്തുനിന്ന് പെട്ടെന്ന് ഓടിയെത്തിയ പന്നി സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡരികിലെ പുല്ലുനിറഞ്ഞ ഭാഗത്തേക്ക് തെറിച്ചുവീണ ശ്രീനിയെ കാട്ടുപന്നി ആക്രമിക്കാന്‍ തുനിഞ്ഞെങ്കിലും അതുവഴി ലോറി വന്നത് ശ്രീനിക്ക് രക്ഷയായി. ലോറി നിര്‍ത്തി ഡ്രൈവര്‍ ഇരുമ്പുകമ്പിയുമായി ഓടിയിറങ്ങി ബഹളമുണ്ടാക്കിയതിനാല്‍ പന്നി ഓടിമറഞ്ഞു. പന്നിയുടെ ആക്രമണത്തില്‍ കൈക്കും കാലിനും പരിക്കുപറ്റിയ ശ്രീനി എകരൂലില്‍ ചികിത്സതേടി.

ജനവാസമേഖലയിലാണ് പന്നിയുടെ ആക്രമണമുണ്ടായത്. ഒരു വര്‍ഷംമുമ്പ് ഇതേസ്ഥലത്ത് വച്ച് മറ്റൊരാള്‍ക്കും പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

നേരത്തേ കല്ലാനോട്ടെ മികച്ച കര്‍ഷകനായിരുന്ന ശ്രീനി കാട്ടുമൃഗ ശല്യത്തെ തുടര്‍ന്ന് കൃഷിനിര്‍ത്തുകയായിരുന്നു. കപ്പ, ചേന, ഇഞ്ചി എന്നിവയെല്ലാം വലിയരീതിയില്‍ കൃഷിചെയ്യുകയും പഞ്ചായത്തിന്റെയടക്കം ആദരം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. പന്നിയുടെയും കുരങ്ങന്റെയും ശല്യമാണ് കൃഷിയില്‍ നിന്ന് കച്ചവടത്തിലേക്ക് തിരിയാന്‍ ശ്രീനിയെ പ്രേരിപ്പിച്ചത്. മലയോരമേഖലകള്‍ക്ക് പുറമേ മറ്റിടങ്ങളിലും യാത്രക്കാര്‍ക്ക് രക്ഷയില്ലാതായിരിക്കുകയാണെന്നും പന്നിശല്യം കുറയ്ക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ശ്രീനി ആവശ്യപ്പെട്ടു.