സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കാട്ടുപന്നിയുടെ ആക്രമണം; കര്‍ഷകന്‍ മരിച്ചു


കാസര്‍കോട്: സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. റോഡ് മുറിച്ചു കടന്ന കാട്ടുപന്നി ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിയ്ക്കുകയായിരുന്നു.

കാവുങ്ങാലിലെ പി. കുഞ്ഞമ്പു നായരാണ് (60) മരിച്ചത്. ശനിയാഴ്ച രാവിലെ ചെര്‍ക്കള ജാല്‍സൂര്‍ റോഡില്‍ കര്‍മംതൊടി ബാളക്കണ്ടത്താണ് സംഭവം.

പന്നിയുടെ ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ കുഞ്ഞുമ്പു നായര്‍ക്ക് തലയ്ക്ക് ഗുരുതരമായ പരുക്കേറ്റു. ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളുരു സ്വകാര്യ ആശുപത്രിയിലും കൊണ്ടുപോയി. ശനിയാഴ്ച ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. വാഹനത്തില്‍ ഇടിച്ച പന്നിയും തത്സമയം ചത്തു.