സോഷ്യല്‍ മീഡിയയില്‍ താരമായി കുറ്റ്യാടി സ്വദേശിയായ മൂന്ന് വയസ്സുകാരി; ഹന്‍ഫയുടെ വീഡിയോ കണ്ടത് ഒന്നരക്കോടിയിലേറെപ്പേര്‍
കുറ്റ്യാടി: സോഷ്യല്‍ മീഡിയയില്‍ താരമായി കുറ്റ്യാടി സ്വദേശി മൂന്ന് വയസ്സുകാരി. കുറ്റ്യാടി നരിക്കൂട്ടുംചാല്‍ നാരോള്ളതില്‍ നസീറിന്റെ മകള്‍ ഹന്‍ഫ ഫാത്തിമയാണ് സ്വന്തമായി വീഡിയോ എടുത്ത് സാമൂഹികമാധ്യമങ്ങളില്‍ താരമായത്.
”ഹായ് ഗായ്‌സ്…. വെല്‍ക്കം ടു മൈ യൂട്യൂബ് ചാനല്‍” എന്നുപറഞ്ഞതും മൂന്നരവയസ്സുകാരി ഹന്‍ഫ ചെന്നുവീണത് നിലംതുടച്ച വെള്ളംനിറഞ്ഞ ബക്കറ്റിലേക്ക്. ഒരേസമയം, ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ ആറുസെക്കന്‍ഡുള്ള വീഡിയോ കണ്ടത് ഒന്നരക്കോടിയിലേറെ ആളുകള്‍.
രണ്ടാഴ്ചമുമ്പ് ചേച്ചി വീടിന്റെ നിലംതുടയ്ക്കുന്നതിനിടയിലാണ് ഹന്‍ഫ വീഡിയോ ഷൂട്ടുചെയ്തത്. യൂട്യൂബ് ചാനലിലെപോലെ ഷൂട്ടുചെയ്യുന്നതിനായി ‘ഇന്‍ട്രോ’ പറയുന്നതിനിടെ പിറകോട്ടുപോയപ്പോഴാണ് അബദ്ധത്തില്‍ ബക്കറ്റില്‍ വീണത്. പേടിച്ചുപോയ കുഞ്ഞ് ഉറക്കെ കരയുന്നതുകേട്ട് എല്ലാവരും ഓടിയെത്തി. കുട്ടിക്ക് പരിക്കൊന്നും പറ്റിയില്ല.
പിന്നീട് മൂന്നുദിവസത്തിനുശേഷമാണ് ചേച്ചി ഹസ്‌ന ഫോണില്‍ ഹന്‍ഫ ചിത്രീകരിച്ച വീഡിയോ കണ്ടത്. വീഡിയോയിലെ ചിരി പടര്‍ത്തുന്ന ഭാഗം സുഹൃത്തിന് വാട്‌സാപ്പ് വഴി അയച്ചുകൊടുത്തു. അത് പ്രദേശമാകെ വൈറലായി. പലരും വാട്‌സാപ്പ് സ്റ്റാറ്റസായി ഷെയര്‍ ചെയ്തു.
View this post on Instagram
കഴിഞ്ഞയാഴ്ച ഒരു ദേശീയമാധ്യമം ഹന്‍ഫയുടെ ആറുസെക്കന്‍ഡ് വീഡിയോ സാമൂഹികമാധ്യമമായ ‘ഇന്‍സ്റ്റഗ്രാമി’ല്‍ റീല്‍സായി ഇട്ടതോടെയാണ് ദശലക്ഷക്കണക്കിനാളുകള്‍ കണ്ടത്. 10 ലക്ഷം ലൈക്കും 5500-ലധികം കമന്റും വീഡിയോയ്ക്ക് ലഭിച്ചു. ‘കുഞ്ഞിന് അപകടം പറ്റിയില്ലെന്ന് കരുതുന്നു’ എന്ന കമന്റുകള്‍ക്കൊപ്പം ഭാവിയിലെ യൂട്യൂബര്‍ക്ക് ആശംസയും നേരുന്നുണ്ട് പ്രേക്ഷകര്‍.
ഹന്‍ഫ ആണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിച്ചവരുമുണ്ട്. എന്നാല്‍, ഇന്‍സ്റ്റഗ്രാമോ സ്വന്തമായി യൂട്യൂബ് ചാനലോ ഇല്ലാത്ത ഹന്‍ഫയുടെ കുടുംബം സുഹൃത്തുക്കള്‍ പറഞ്ഞാണ് വീഡിയോ വൈറലായ കഥയറിഞ്ഞത്. ബക്കറ്റുവെള്ളത്തില്‍ വീണെങ്കിലും വീഡിയോ എടുക്കുന്നതില്‍നിന്ന് പിന്മാറിയിട്ടൊന്നുമില്ല ഈ കുസൃതിക്കാരി. യൂട്യൂബ് കണ്ട് പുതിയ വീഡിയോകളുണ്ടാക്കുന്ന തിരക്കിലാണ് ഹന്‍ഫയെന്ന് വീട്ടുകാര്‍ പറയുന്നു.