സുഹറ പ്രസിഡന്റിനോട് പറഞ്ഞു തനിക്കൊരു ഇലക്ട്രോണിക് വീല്‍ചെയര്‍ വേണമെന്ന്; 60 ദിവസത്തിനുള്ളില്‍ സുഹറയുടെ ആവശ്യം പൂര്‍ത്തീകരിച്ച് കെ.സുനില്‍
പേരാമ്പ്ര: മാരക രോഗം ബാധിച്ച് ശരീരം തളര്‍ന്ന് പോയ കുരവന്‍ തലയ്ക്കല്‍ സുഹറയുടെ ആവശ്യം പൂര്‍ത്തീകരിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍. ജൂലൈ 21 നാണ് പ്രസിഡന്റിനെ വിളിച്ച് തനിക്കൊരു ഇലക്ട്രോണിക് വീല്‍ചെയര്‍ വേണമെന്ന് സുഹറ ആവശ്യപ്പെട്ടത്. കാര്യമറിഞ്ഞ ഉടന്‍ തന്നെ വാര്‍ഡ് മെമ്പര്‍ ഇ.എം ശ്രീജിത്തിനെയും കൂട്ടി പ്രസിഡന്റ് സുഹറയുടെ വീട്ടിലെത്തി. 60 ദിവസത്തിനുള്ളില്‍ വീല്‍ ചെയര്‍ നല്‍ക്കുമെന്ന ഉറപ്പാണ് പഞ്ചായത്ത് പ്രസിഡന്റ് സുഹറയ്ക്ക് നല്‍കിയത്.
കഴിഞ്ഞ ദിവസം സുഹറയുടെ വീട്ടിലെത്തിയാണ് പ്രസിഡന്റ് കെ.സുനില്‍ വീല്‍ചെയര്‍ കൈമാറിയത്. ഇലക്ട്രോണിക് വീല്‍ചെയര്‍ ലഭിച്ചതോടെ സുഹറയുടെ ഏറെക്കാലമായുള്ള ആഗ്രഹം പൂവണിഞ്ഞു. വാര്‍ഡ് മെമ്പര്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു ചിപ്പി മനോജ്, സി.കെ ശശി, ബിന്ദുസജി, വിനിഷ ദിനേശന്‍, വിനീതമനോജ് മോഹനന്‍ മനയ്ക്കല്‍, ഷിജി കെ.ബി, മനു ചേമ്പാല, അര്‍ജുന്‍ വിജയ്, സില്‍വി എന്നിവര്‍ പങ്കെടുത്തു.