സുവര്‍ണ്ണ ചന്ദ്രോത്തിനു ഫോക്‌ലോര്‍ പുരസ്കാരം


കൊയിലാണ്ടി: 2020ലെ ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡിന് സുവർണ്ണ ചന്ദ്രോത്ത് അർഹയായി. കൊയിലാണ്ടി കൊല്ലം പാവുവയൽ സ്വദേശിയാണ്. തിരുവാതിര കളിക്ക് നല്‍കിയ സംഭാവന പരിഗണിച്ചാണ് അവാര്‍ഡ്.

കലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബിഎഡും സെറ്റും നേടിയ സുവര്‍ണ ചന്ദ്രോത്ത് ഭാരതീദാസന്‍ സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ബിഎഫ്എയും, തഞ്ചാവൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ എംഎഫ്എയും കരസ്ഥമാക്കി.

കേരളത്തിലെ വിവിധ കോവിലകങ്ങളില്‍ നിന്നാണ് തിരുവാതിരക്കളി പരിശീലിച്ചത്. കോട്ടയം ഹാദൂസായിലെ പ്രധാന ആശാന്മാരില്‍ നിന്ന് മാര്‍ഗംകളിയും അഭ്യസിച്ചിട്ടുണ്ട്. എസ്‌സിഇആര്‍ടിയുടെ കലാപഠനം കൈപ്പുസ്തക നിര്‍മാണത്തില്‍ (നൃത്തവിഭാഗം) പങ്കെടുത്തിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും വിദേശങ്ങളിലും തിരുവാതിരക്കളി, മാര്‍ഗംകളി ശില്പശാലകള്‍ക്ക് നേതൃത്വം കൊടുത്തുവരുന്നു.

സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ വിധികര്‍ത്താവായും അപ്പീല്‍ കമ്മിറ്റി മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 മുതല്‍ ആറു വര്‍ഷം സര്‍വ ശിക്ഷാ അഭിയാന്‍ കോഴിക്കോട് ട്രെയിനറായിരുന്നു. ഇപ്പോള്‍ തോട്ടട എല്‍പി സ്‌കുള്‍ അധ്യാപികയാണ്. റിട്ട.അധ്യാപകന്‍ പി.വി.രാജുവിന്റെ ഭാര്യയാണ്.