സുരക്ഷാഭിത്തിയില്ല: നടുവണ്ണൂർ-കൂട്ടാലിട പാതയില്‍ അപകടഭീഷണി ഉയര്‍ത്തി റോഡിലെ കിണര്‍


നടുവണ്ണൂർ : കൂട്ടാലിട-നടുവണ്ണൂർ റോഡ് വീതികൂട്ടിയതോടെ പാതയോരത്തായ കിണറിന് സുരക്ഷാമതിൽ പണിതില്ല. കിണറിന്റെ ചെങ്കല്ലിൽ പണിത ആൾമറ അജ്ഞാതവാഹനമിടിച്ച് തകരുകയും ചെയ്തു. സംസ്ഥാനപാതയിൽ കൂട്ടാലിട റോഡ് ജങ്ഷനിൽ സ്വകാര്യവ്യക്തിയുടെ റോഡിനോട് ചേർന്നുള്ള സ്ഥലത്താണ് പഴയ കിണർ ഉള്ളത്. റോഡ് വികസനത്തോടെയാണ് കിണർ റോഡിന്റെ ടാറിട്ട ഭാഗത്തിനടുത്തായത്.

രണ്ടാഴ്ചമുമ്പാണ് രാത്രിയിൽ വാഹനമിടിച്ച് ആൾമറയുടെ റോഡിനോട് ചേർന്നുള്ളഭാഗം ഇടിഞ്ഞത്. ഇതോടെ നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. മാമോദരൻ, പത്താം വാർഡ് മെംബർ സജീവൻ മക്കാട്ട് എന്നിവരെത്തി നാട്ടുകാരുടെ സഹായത്തോടെ കിണറിന് താത്കാലികമായി വേലി ഒരുക്കി.

പഴയ അലുമിനിയം റൂഫിങ്‌ ഷീറ്റ് വിലങ്ങനെ ചാരിവെച്ച് മറയ്ക്കുകയാണ് ചെയ്തത്. അപകടസാധ്യത ശ്രദ്ധയിൽപ്പെടുത്താൻ രണ്ട് ഒഴിഞ്ഞ ടാർവീപ്പയുംവെച്ച് പ്ലാസ്റ്റിക് കയർകൊണ്ട് കെട്ടിവെച്ചിട്ടുണ്ട്. പൊതുമരാമത്ത് റോഡ് വിഭാഗം ആൾമറ വീണ്ടും പണിയുമെന്ന് പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നു. കിണറിന്റെ ആൾമറ ഇടിഞ്ഞഭാഗത്ത് എത്രയുംപെട്ടെന്ന് സുരക്ഷാമതിൽ പണിയാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് അസി. എൻജിനിയർ യൂസഫ് പറഞ്ഞു.