സുരക്ഷാ സംവിധാനമില്ലാത്ത നവീകരണ പ്രവൃത്തി അപകടക്കെണിയാവുന്നു; ഉള്ള്യേരിയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന് പരിക്ക്


ഉള്ള്യേരി: നവീകരണ പ്രവൃത്തി നടക്കുന്ന കൊയിലാണ്ടി-താമരശേരി സംസ്ഥാനപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. റോഡിലെ കുഴികളും മറ്റുമാണ് യാത്രക്കാര്‍ക്ക് അപകടക്കെണിയൊരുക്കുന്നത്.

കഴിഞ്ഞദിവസം മുണ്ടോത്ത് പള്ളിയ്ക്ക് സമീപത്തെ ഇറക്കത്തില്‍ റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. മാധ്യമപ്രവര്‍ത്തകനായ രാധാകൃഷ്ണന്‍ ഉള്ളൂരിനാണ് പരിക്കേറ്റത്. ചളിയില്‍ വഴുതി സ്‌കൂട്ടര്‍ തെന്നിമറിഞ്ഞ് റോഡിലേക്ക് തലയിടിച്ചു വീഴുകയായിരുന്നു അദ്ദേഹം.

ഈ ഭാഗത്തെ കുത്തനെയുള്ള ഇറക്കത്തില്‍ റോഡ് ഒരു ഭാഗത്ത് സോളിങ് നടത്തിയിട്ടുണ്ട്. മറുഭാഗത്ത് കുഴിയെടുത്ത നിലയിലുമാണ്.

ഇതുമായി ബന്ധപ്പെട്ട് രാധാകൃഷ്ണന്‍ റോഡ് നിര്‍മ്മാണ പ്രോജക്ട് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വേണ്ടത്ര സുരക്ഷാ സംവിധാനം ഒരുക്കാതെയുള്ള നിര്‍മാണപ്രവൃത്തിയാണ് അപകടത്തിന് കാരണമെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു. രണ്ട് അപകടങ്ങളിലായി രണ്ട് ഡോക്ടര്‍മാര്‍ക്കും ഒരു വീട്ടമ്മയ്ക്കുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ആനവാതില്‍ അങ്ങാടിയിലും സ്‌കൂട്ടര്‍ യാത്രികന്‍ അപകടത്തില്‍പ്പെട്ടിരുന്നു.