സുരക്ഷാ സംവിധാനത്തിന്റെ അഭാവം അപകടങ്ങള്‍ക്ക് കാരണമാകുന്നു; പെരുവണ്ണാമുഴി റിസര്‍വോയറില്‍ ഇന്നലെ പൊലിഞ്ഞത് ഒരു ജീവന്‍


ചക്കിട്ടപാറ: വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷാ സംവിധാനത്തിന്റെ അഭാവം അപകട മരണത്തിന് കാരണമാകുന്നു. ഇന്നലെ പെരുവണ്ണാമൂഴി റിസര്‍വോയറില്‍ മീന്‍ പിടിക്കാനെത്തിയ എത്തിയ സംഘത്തിലെ മരുതോങ്കര സ്വദേശി അഭിജിത്ത് വഞ്ചിയില്‍ വെച്ച് അപസ്മാരം വന്ന് വെള്ളത്തില്‍ വീണ് മരണപ്പെട്ടിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടിയെ അയാല്‍വാസി എത്തിയാണ് രക്ഷപ്പെടുത്തിയത്.

അഭിജിത്ത് വീണ ഭാഗത്ത് 15 അടിയോളം ഉയരത്തില്‍ വെള്ളമുണ്ടായിരുന്നതിനാല്‍ സമീപത്തെ മുങ്ങല്‍ വിദഗ്ദര്‍ക്ക് പോലും വെള്ളത്തിനടിയിലേക്ക് പോയി തിരച്ചില്‍ നടത്താന്‍ സാധിച്ചില്ല. സാങ്കേതിക സൗകര്യങ്ങളുടെ അഭാവമാണ് ഇത്തരം അപകടങ്ങള്‍ നടക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനം വൈകാനിടയാക്കുന്നത്. ഡാം റിസര്‍വോയര്‍ മേഖലയിലും പുഴത്തീരങ്ങളിലും അധികൃതര്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും അപകട സാധ്യത വര്‍ദ്ധിപ്പിക്കാനിടയുണ്ട്.

കടന്തറപ്പുഴ, മീന്‍തുള്ളിപ്പാറ മേഖലകളിലും വിനോദസഞ്ചാരികള്‍ പുഴയില്‍ ഇറങ്ങുന്നത് അപകടത്തിന് ഇടയാക്കുന്നുണ്ട്. നാട്ടുകാര്‍ അപകട സമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നതാണ് മിക്കപ്പോഴും രക്ഷയാകുന്നത്. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് പഞ്ചായത്ത് മേഖലയില്‍ പ്രത്യേക സംഘത്തെ സജ്ജീകരിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങളുമില്ല. വിവിധ സന്നദ്ധ സംഘടനകളുടെ സഹായം തേടുകയാണ് പതിവ്.