സിയ പാരിസ്ഥിതികാനുമതി നിഷേധിച്ചു; ചെങ്ങോടുമലയില്‍ കരിങ്കല്‍ഖനനം സാധ്യമല്ല


പേരാമ്പ്ര: ചെങ്ങോടുമലയിലെ കരിങ്കല്‍ ഖനനത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി (സിയ) പാരിസ്ഥിതികാനുമതി നിഷേധിച്ചു. സംസ്ഥാന വിദഗ്ധ വിലയിരുത്തല്‍ സമിതി (സിയാക്ക്) നല്‍കിയ ശുപാര്‍ശയുടെയും സ്ഥലപരിശോധനാ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി. ചെങ്ങോടുമലയിലെ 4.811 ഹെക്ടര്‍ സ്ഥലത്ത് ഖനനം നടത്താനാണ് ഡെല്‍റ്റ റോക്‌സ് പ്രൊഡക്ട് കമ്പനി സിയാക്ക് പാരിസ്ഥിതിക അനുമതിക്കായി അപേക്ഷ നല്‍കിയത്.

ഖനനത്തിനെതിരേ മൂന്നരവര്‍ഷമായി നാട്ടുകാര്‍ സമരരംഗത്താണ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഏജന്‍സി തന്നെ പാരിസ്ഥിതികാനുമതി അപേക്ഷ തള്ളിയതോടെ ചെങ്ങോടുമല ഖനന ഭീഷണിയില്‍ നിന്നും ഒഴിവായിരിക്കുകയാണ്. സിയാക്കിലെ ഏഴംഗങ്ങള്‍ ചെങ്ങോടുമല സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ തള്ളിയത്.

പാരിസ്ഥിതിക അനുമതിക്കുള്ള അപേക്ഷയില്‍ സിയാക്ക് നിയോഗിച്ച രണ്ടംഗ സബ്കമ്മിറ്റി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സ്ഥലംസന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് തൃപ്തികരമല്ലെന്ന നിഗമനത്തെത്തുടര്‍ന്ന് സിയാക്ക് ചെയര്‍മാന്‍ ഡോ. സി. ഭാസ്‌കരന്റെ നേതൃത്വത്തില്‍ ഏഴംഗകമ്മിറ്റിയെ വീണ്ടും നിയോഗിച്ചു. സബ് കമ്മിറ്റി ഈവര്‍ഷം ജൂലായ് 23-ന് ചെങ്ങോടുമല സന്ദര്‍ശിച്ചശേഷം ഖനനം അനുവദിക്കരുതെന്ന് റിപ്പോര്‍ട്ട് നല്‍കി.

സിയാക് റിപ്പോര്‍ട്ടില്‍ ചെങ്ങോടുമലയുടെ പാരിസ്ഥിതിക പ്രാധാന്യം അക്കമിട്ട് നിരത്തുന്നുണ്ട്. ചെങ്ങോടുമല ഖനനം നടത്തിയാല്‍ പരിസ്ഥിതിക്ക് വലിയ ദുരന്തമുണ്ടാവും. പ്രദേശത്തുകാരുടെ വെള്ളത്തിന്റെ ഉറവിടമാണ് ഈ മല. ഖനനം നടന്നാല്‍ വലിയ ജലദൗര്‍ലഭ്യം നേരിടും.

ജൈവ വൈവിധ്യത്തിന്റെ കലവറയായ ഇവിടം 17 ഓളം അപൂര്‍വ്വ സസ്യ ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. ഖനനം തുടങ്ങിയാല്‍ അഞ്ചു മിനിറ്റില്‍ ഒരു ടിപ്പര്‍ എന്ന നിലയില്‍ പ്രദേശത്തെ ഗ്രാമീണ റോഡുകളിലൂടെ സര്‍വീസ് നടത്തും. ഇത് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കും.

ചെങ്ങോടുമല തകര്‍ന്നാല്‍ പ്രാദേശിക കാലാവസ്ഥയില്‍ വ്യതിയാനമുണ്ടാവുമെന്നും റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തുന്നു. ചെങ്ങോടുമലയിലെ ബ്ലോക്ക് പഞ്ചായത്തിന്റെ കുടിവെള്ള ടാങ്ക് തകര്‍ത്തതും ഇതു സംബന്ധിച്ചുള്ള കേസും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ചെങ്ങോടുമല സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന പ്രധാന നിര്‍ദ്ദേശവും സിയാക് സംഘം മുന്നോട്ടുവെച്ചിട്ടുണ്ട്. ക്വാറി കമ്ബനി സമര്‍പ്പിച്ച ഇ.ഐ.എ റിപ്പോര്‍ട്ടും സിയാക് സംഘം തള്ളുന്നു. ആദ്യം മുതലെ നാട്ടുകാര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സിയാക് റിപ്പോര്‍ട്ടിലും ഉള്ളത്.

മുമ്പ് ജില്ലാ പാരിസ്ഥിതികാഘാത നിര്‍ണയസമിതി കമ്പനിക്ക് പാരിസ്ഥിതികാനുമതി നല്‍കിയിരുന്നു. ഇതിനെതിരേ സമരസമിതി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഈ അനുമതി ഉപയോഗിക്കില്ലെന്ന് ക്വാറിക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നതാണ്.