സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും


കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും. വെസ്റ്റ്ഹില്‍ സമുദ്ര ഓഡിറ്റോറിയത്തിലെ എം കേളപ്പന്‍ നഗറിലാണ് മുന്നുദിവസം സമ്മേളനം. 16 ഏരിയാ സമ്മേളനങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത 208 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളുമുള്‍പ്പെടെ 250 പേരാണ് കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

പ്രതിനിധി സമ്മേളനത്തിന് ഇന്നു രാവിലെ ഒന്‍പതിന് കൊടി ഉയരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി 4 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ട് 4.30 വരെ പ്രതിനിധികള്‍ ഏരിയ അടിസ്ഥാനത്തില്‍ ഒരുമിച്ചിരുന്നു റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും (ഗ്രൂപ്പ് ചര്‍ച്ച). 4.30 മുതല്‍ 7.30 വരെയുള്ള പൊതു ചര്‍ച്ചയില്‍ ഓരോ ഏരിയയില്‍ നിന്നുള്ള പ്രതിനിധികള്‍ സംസാരിക്കും. നാളെ ഉച്ച വരെ പൊതുചര്‍ച്ച തുടരും. വൈകിട്ട് ചര്‍ച്ചയ്ക്ക് ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും മറുപടി നല്‍കും. 12ന് പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുക്കും.

ആദ്യ ദിവസം മുഖ്യമന്ത്രി സമ്മേളനത്തില്‍ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു മുതല്‍ 3 ദിവസവും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ അമേരിക്കയില്‍ ചികിത്സയ്ക്കു പോകുന്നതിന്റെ മുന്നോടിയായുള്ള പരിശോധനകള്‍ക്കായി കണ്ണൂരില്‍ തുടരുന്ന മുഖ്യമന്ത്രി ഇന്നു സമ്മേളനത്തില്‍ പങ്കെടുക്കില്ല. നാളെ മുതല്‍ സമ്മേളനത്തില്‍ ഉണ്ടാകുമെന്നു സംഘാടകരെ അറിയിച്ചിട്ടുണ്ട്. 12ന് വൈകിട്ടു നടക്കുന്ന സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കോടിയേരിക്കും പിണറായിക്കും പുറമേ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ.വിജയരാഘവന്‍, പി.കെ.ശ്രീമതി, ഇ.പി.ജയരാജന്‍, എളമരം കരീം, എ.കെ.ബാലന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

12 ന് പൊതുസമ്മേളനം നടക്കുന്ന കടപ്പുറത്തെ ഇ എം എസ് നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പതാക ഉയര്‍ത്തി. വേങ്ങേരിയിലെ വിജു-വിജയന്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് കൊണ്ടുവന്ന പതാക മാങ്കാവിലെ കെ കെ രാമന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നുള്ള കൊടിമരത്തില്‍ പാറി. പതാക-കൊടിമര-ദീപശിഖാ ജാഥകള്‍ വൈകിട്ട് ആറോടെ കടപ്പുറത്ത് സംഗമിച്ചു.

ബേപ്പൂരിലെ പേരോത്ത് രാജീവന്‍ രക്തസാക്ഷി കുടീരത്തില്‍ നിന്ന് പി വിശ്വന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന ദീപശിഖ പ്രതിനിധി സമ്മേളന നഗറില്‍ ജില്ലാ സെക്രട്ടറി പി മോഹനന്‍ ജ്വലിപ്പിച്ചു. ചടങ്ങില്‍ നേതാക്കളായ എളമരം കരീം എം പി, ടി പി രാമകൃഷ്ണന്‍ എം എല്‍ എ, മന്ത്രി പി എ മുഹമ്മദ് റിയസ്, എ പ്രദീപ് കുമാര്‍, എ പി അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.