സിക്ക വൈറസ്: പരിശോധനക്കയച്ച 17 സാമ്പിളുകളുടെ ഫലം നെഗറ്റീവ്


തിരുവനന്തപുരം: സിക്ക വൈറസ് സ്ഥീരീകരിക്കപ്പെട്ടവർ താമസിച്ചിരുന്ന പ്രദേശത്ത് നിന്നും പരിശോധനക്കയച്ചിരുന്നവരുടെ സാമ്പിളുകളുടെ ഫലം നെഗറ്റീവ്. 17 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. സിക്ക സ്ഥീരീകരിച്ച ഗർഭിണിയുടെ സ്വദേശമായ പാറശാലയിൽ നിന്നുൾപ്പെടെ ശേഖരിച്ച 17 സാമ്പിളുകളുടെ ഫലമാണ് നെഗറ്റീവായത്.

പാറശാല, തിരുവന്തപുരം നഗരസഭ പരിധിയിലെ വിവിധ പ്രദേസങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ സാമ്പിളുകൾ പരിശോധനക്കയച്ചിരുന്നു. ഇവരുടെ എല്ലാവരുടേയും പരിശോധന ഫലം നെഗറ്റീവായതായാണ് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ആരോഗ്യവകുപ്പിനെ അറിയിച്ചിരിക്കുന്നത്. അതേസമയം രോഗബാധ സംശയിക്കുന്ന പ്രദേശങ്ങളിൽ നിന്നും കൂടുതൽ പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 14 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

സിക വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം സംസ്ഥാനത്ത് എത്തി. രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം നഗരസഭാ പരിധിയിലെ പ്രദേശങ്ങളിലും പാറശാലയിലും ആറംഗ സംഘം സന്ദർശിക്കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ചയും നടത്തും.

സികയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ജില്ലാ ഭരണകൂടവും പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. വാർഡ് തല സമിതിയുടെ നേതൃത്വത്തിൽ കൊതുക് നശീകരണത്തിനുള്ള നടപടി സ്വീകരിക്കാനാണ് നിർദേശം. പനി ക്ലിനിക്കുകൾ ശക്തമാക്കാനും തീരുമാനിച്ചു.