സിക വൈറസ്: നമുക്കും വേണം ജാഗ്രത; പ്രധാന നിർദേശങ്ങൾ ഇവ..


കോഴിക്കോട്: സംസ്ഥാനത്ത് സിക വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി.ജയശ്രി അറിയിച്ചു. സിക വൈറസ് ബാധയ്ക്കെതിരെ വാക്സിനേഷനോ പ്രത്യേക ചികിത്സയോ ഇല്ലാത്തതിനാൽ രോഗ പ്രതിരോധം ആർജിക്കലും രോഗം പകരാതിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കലുമാണ് പ്രധാനം. ഡെങ്കിപ്പനിയും ചിക്കുൻ ഗുനിയയും പോലെ ഈഡിസ് കൊതുകുകൾ പരത്തുന്ന മറ്റൊരു പകർച്ച വ്യാധിയാണ് സിക.

രോഗാണു ബാധിച്ച ഈഡിസ് കൊതുകുകൾ മനുഷ്യരെ കടിക്കുന്നതു വഴിയാണ് രോഗം പകരുന്നത്. രോഗബാധിതരായ വ്യക്തികളിൽ നിന്നു രക്തം സ്വീകരിക്കുക വഴിയോ ലൈംഗിക ബന്ധത്തിലൂടെയോ പകരാനും സാധ്യതയുണ്ട്. പനി, തലവേദന, ശരീര വേദന, സന്ധി വേദന, തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ പാടുകൾ, ശരീരത്തിൽ തിണർപ്പ്, കണ്ണ് ചുവക്കൽ തുടങ്ങിയവയാണ് സാധാരണ കണ്ടു വരുന്ന ലക്ഷണങ്ങൾ. ഈ രോഗം ബാധിച്ച ഗർഭിണികൾക്ക് പിറക്കുന്ന നവജാത ശിശുക്കളുടെ തല ചെറുതായിപ്പോകാൻ (മൈക്രോ സെഫാലി) സാധ്യതയുണ്ട്.

അതുപോലെ രോഗബാധിതരിൽ ചിലരിൽ ഗില്ലൻ ബാരി സിൻഡ്രോമും ഉണ്ടാകാൻ സാധ്യതയുണ്ട്. രോഗം തടയുന്നതിന്റെ ഭാഗമായി കൊതുകുകളുടെ ഉറവിടം നശീകരിക്കുന്ന പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ എല്ലാ വാർഡ് തല ആർആർടികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡിനോടൊപ്പം മറ്റു പകർച്ച വ്യാധികളെക്കൂടി പ്രതിരോധിക്കാൻ പൊതുജനങ്ങളുടെ സഹകരണവും പങ്കാളിത്തവുമുണ്ടാകണമെന്ന് ഡിഎംഒ പറഞ്ഞു.

പ്രധാന നിർദേശങ്ങൾ

  • കൊതുകുകൾ കടിക്കാതിരിക്കുന്നതിനുള്ള വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കണം.
  • കൊതുകുകളുടെ ഉറവിട നശീകരണം രോഗ പ്രതിരോധത്തിൽ ഏറ്റവും പ്രധാനമാണ്. ചിരട്ട, പ്ലാസ്റ്റിക് കവറുകൾ, പാത്രങ്ങൾ, ചെടിച്ചട്ടികൾ, ടയർ, കമുകിൻ പാള, റഫ്രിജറേറ്ററിന്റെ ട്രേ, കൂളർ, മുതലായവയിൽ വെള്ളം കെട്ടിക്കിടക്കാതെ നോക്കണം.
  • എല്ലാ ഞായറാഴ്ചയും ഉറവിട നശീകരണത്തിനായി എല്ലാവരും ഡ്രൈ ഡേ ആചരിക്കണം.
  • രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകൾ കഴിയുന്നത്ര ഒഴിവാക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യണം.
  • രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പരിശോധനക്ക് വിധേയമാകണം.