പയ്യോളിയിൽ സി.പി.എം വിട്ട നേതാക്കൾ കൂട്ടത്തോടെ സി.പി.ഐയിലേക്ക്
പയ്യോളി: സി.പി.എം നേതൃത്വവുമായി കുറേക്കാലമായി ഇടഞ്ഞു നില്‍ക്കുന്ന തുറയൂരിലെ പ്രമുഖ സി.പി.എം. നേതാക്കള്‍ കൂട്ടത്തോടെ സി.പി.ഐ.യില്‍ ചേരുന്നു. ഫെബ്രുവരി എട്ടിന് പയ്യോളി അങ്ങാടിയില്‍ അഞ്ചുമണിക്ക് നടക്കുന്ന പരിപാടിയില്‍ പന്ന്യന്‍ രവീന്ദ്രന്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കും.
2017 മുതല്‍ തുറയൂരിലെ സിപിഎമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് ഒടുവിൽ മാറ്റത്തിനിടയായത്. മുന്‍ നേതാക്കളും പ്രവര്‍ത്തകരും അനുഭാവികളും മറ്റ് പാര്‍ട്ടികളില്‍നിന്ന് വന്നവരുമുള്‍പ്പടെ 200-ഓളം പേര്‍ സി.പി.ഐ.യില്‍ ചേരും.
സി.പി.എം. മുന്‍ എരിയാ കമ്മിറ്റി അംഗവും കര്‍ഷകസംഘം ഏരിയാ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റും മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന പി. ബാലഗോപാലന്‍, മുന്‍ ലോക്കല്‍ സെക്രട്ടറി പി.ടി. ശശി, ഡി.വൈ.എഫ്.ഐ. മുന്‍ പയ്യോളി ബ്ലോക്ക് സെക്രട്ടറി കെ. രാജേന്ദ്രന്‍, പ്രസിഡന്റായിരുന്ന പി.ടി. സനൂപ്, എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്‍ ഏരിയാ ജോയന്റ് സെക്രട്ടറിയും എല്‍.സി. അംഗവുമായിരുന്ന കെ. ജയന്തി, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായിരുന്ന കെ. ജയരാജന്‍, പി. അശോകന്‍, മലാപറമ്പ് ശ്രീധരന്‍, എം. സുരേന്ദ്രന്‍, കെ.ടി. ബാബു, പി.ടി. കുഞ്ഞിക്കണാരന്‍, ബ്രാഞ്ച് സെക്രട്ടറിമാരായിരുന്ന പി.ടി. ബാബു, കെ.എം. കുഞ്ഞിക്കണ്ണന്‍, വിപിന്‍ കൈതക്കല്‍, എന്‍. വിനോദന്‍, കൊട്ടിയാടി മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പാര്‍ട്ടിമാറ്റം.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക