സി.പി.എം പ്രവർത്തകനെ ആക്രമിച്ച സംഭവം; പതിമൂന്ന് ആർ.എസ്.എസ് പ്രവർത്തകർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതി


കൊയിലാണ്ടി: സി.പി.എം പ്രവർത്തകനെ ആക്രമിച്ച കേസിൽ 13 ആർ.എസ്.എസ് പ്രവർത്തകരെ മൂന്ന് വർഷം തടവിന് ശിക്ഷിച്ച് കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതി. സി.പി.എം വെങ്ങളം ലോക്കൽ കമ്മറ്റി അംഗം പി.ശിവദാസനെ അക്രമിച്ച കേസിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ശ്രീജ ജനാർദ്ധനനാണ് വിധി പറഞ്ഞത്. ആം മാം

മൂന്ന് വർഷത്തെ തടവിന് പുറമെ 13 പ്രതികൾക്ക് 5000 രൂപ വീതം ഫൈനും കോടതി വിധിച്ചു. സെക്ഷൻ 143, 147 പ്രകാരം കുറ്റത്തിന് 3 മാസവും, 148ാം വകുപ്പ് പ്രകാരം 6 മാസവും, 324ാം വകുപ്പ് പ്രകാരം 8 മാസവും, 326ാം വകുപ്പ് പ്രകാരം ഒരു വർഷവും, 506(1)ാം വകുപ്പ് പ്രകാരം 6 മാസവുമാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.

2011 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവങ്ങൂർ ഹൈസ്കൂളിൽ ഉണ്ടായ വിദ്യാർത്ഥി സംഘർഷത്തിന് തുടർച്ചയായി വെങ്ങളംവികാസ് നഗറിൽ സി.പി.എം – ആർ.എസ്.എസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു. തുടർന്നാണ് സി.പി.എം പ്രവർത്തകനായ പി.ശിവദാസൻ ആക്രമിക്കപ്പെടുന്നത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇയാൾ ദീർഘനാൾ ചികിത്സയിലായിരുന്നു.

വാദിഭാഗത്തിന് വേണ്ടി അഡ്വ.ആർ.യു വിജയ കൃഷ്ണൻ, എം ലതീഷ്, എം ഉദയ എന്നിവരാണ് ഹാജരായത്. അന്നത്തെ കൊയിലാണ്ടി എസ്.ഐ ആയിരുന്ന എൻ. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.