സി.പി.എം പേരാമ്പ്ര ഏരിയ കമ്മിറ്റിയെ നയിക്കാന്‍ എം.കുഞ്ഞമ്മദ് മാസ്റ്റര്‍; കമ്മിറ്റിയില്‍ നാല് പേര്‍ പുതുമുഖങ്ങള്‍


പേരാമ്പ്ര: സി.പി.എം പേരാമ്പ്ര ഏരിയ കമ്മിറ്റിയെ ഇനി നയിക്കുക എം. കുഞ്ഞമ്മദ് മാസ്റ്റര്‍. ഏകകണ്ഠമായാണ് എം കുഞ്ഞമ്മദ് മാസ്റ്ററെ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സെക്രട്ടറിയടക്കം 21 അംഗങ്ങളാണ് ഏരിയ കമ്മിറ്റിയിലുള്ളത്. ഇവരില്‍ നാല് പേര്‍ പുതുമുഖങ്ങളാണ്. രണ്ടു ദിവസമായി പേരാമ്പ്ര സുരഭി അവന്യൂവിലെ എം.കെ. ചെക്കോട്ടി നഗറില്‍ നടന്ന ഏരിയ സമ്മേളനത്തിലാണ് പുതിയ ഭാഗവാഹികളെ തിരഞ്ഞെടുത്തത്.

ഏരിയാകമ്മിറ്റി അംഗം പള്ളുരുത്തി ജോസഫ് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. എം.കെ ചെക്കോട്ടിനഗറില്‍ സംസ്ഥാന കമ്മിറ്റി അംഗം എ.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.സുനില്‍ രക്തസാക്ഷി പ്രമേയവും സി.കെ ശശി അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം കുഞ്ഞമ്മദ്, സുജാത മനക്കല്‍, ആര്‍.സിദ്ധാര്‍ത്ഥ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്.

ഏരിയ കമ്മറ്റി അംഗങ്ങളായി എന്‍.പി ബാബു, ടി.കെ.ലോഹിതാക്ഷന്‍ പി.ബാലന്‍ അടിയോടി, കെ.വി കുഞ്ഞിക്കണ്ണന്‍, സി.കെ.ശശി, ടി.പി. കുഞ്ഞനന്തന്‍, കെ.സുനില്‍ കെ.ടി രാജന്‍, കെ.കെ ഹനീഫ, പി.എം കുഞ്ഞിക്കണ്ണന്‍, എം വിശ്വന്‍, കെ.പി ബിജു, എസ്.കെ സജീഷ് പി.പ്രസന്ന, എ.സി സതി, കെ.കെ.രാജന്‍ എന്നിവര്‍ക്കൊപ്പം നാല് പുതുമുഖങ്ങളാണ് കമ്മിറ്റിയിലുള്ളത്. പി.എസ് പ്രവീണ്‍, കെ.രാജീവന്‍, പി.പി രാധാകൃഷ്ണന്‍, ഉണ്ണി വേങ്ങേരി എന്നിവരാണ് പുതുമുഖങ്ങള്‍.

ഏരിയാ സെക്രട്ടറി എ കെ ബാലന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി.കെ ലോഹിതാക്ഷന്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ.കുഞ്ഞമ്മത്, പി.വിശ്വന്‍, വി.പി കുഞ്ഞികൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.കെ പത്മനാഭന്‍, എന്‍.കെ രാധ, എം.കെ നളിനി എന്നിവര്‍ പങ്കെടുക്കുന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും ഇന്നലെ പൂര്‍ത്തിയായി.

15 ലോക്കല്‍ സമ്മേളനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളും 21 ഏരിയാകമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.