സാരി ധരിക്കണമെന്ന് നിര്‍ബന്ധിക്കരുത്; അധ്യാപകര്‍ക്ക് ഡ്രസ് കോഡ് പാടില്ലെന്ന് ആവര്‍ത്തിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്


കോഴിക്കോട്: സംസ്ഥാനത്തെ കലാലയങ്ങളില്‍ അധ്യാപകര്‍ക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കരുതെന്ന് ആവര്‍ത്തിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. ചില കോളേജുകള്‍ അധ്യാപികമാര്‍ക്ക് സാരി നിര്‍ബന്ധമാക്കിയത് ചര്‍ച്ചയായതിനെ തുടര്‍ന്നാണ് വകുപ്പ് ഉത്തരവ് ഇറക്കിയത്.

കാലഘട്ടത്തിന് യോജിക്കാത്ത പിടിവാശികള്‍ മാനേജ്‌മെന്റുകളും സ്ഥാപനമേധാവികളും അടിച്ചേല്‍പ്പിക്കരുതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപികമാര്‍ക്ക് ചുരിദാറോ മറ്റ് വസ്ത്രങ്ങളോ ധരിക്കാമെന്ന് വ്യക്തമാക്കി കേരള സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 2008 ഫെബ്രുവരിയിലായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്. പിന്നീട് ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന പരാതി ഉയര്‍ന്നപ്പോള്‍ 2014ല്‍ പുതിയ സര്‍ക്കുലറും ഇറക്കിയിരുന്നു. അധ്യാപകര്‍ക്ക് മേല്‍ യാതൊരു വിധ ഡ്രസ് കോഡും അടിച്ചേല്‍പ്പിക്കരുതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഉത്തരവും സര്‍ക്കുലറും. എന്നാല്‍ ഈ ഉത്തരവുകള്‍ ഇറങ്ങി വര്‍ഷങ്ങളായിട്ടും സാരി അടിച്ചേല്‍പ്പിക്കുന്ന സ്ഥാപനങ്ങളുണ്ടെന്ന പരാതി വ്യാപകമാണ്.

സ്വകാര്യ സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് യൂണിഫോം പോലെ സാരി നിര്‍ബന്ധമാക്കുന്നതായി നേരത്തെ തന്നെ പരാതിയുള്ളതാണ്. കൊടുങ്ങല്ലൂരിലെ ഒരു കോളേജിനെതിരെ ഉയര്‍ന്ന പരാതിയിന്മേലാണ് ഇപ്പോള്‍ സര്‍ക്കാര്‍ വീണ്ടും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അധ്യാപകര്‍ക്ക് ഇഷ്ടമുള്ള സൗകര്യപ്രദമായ വസ്ത്രം ധരിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇക്കാര്യം സര്‍ക്കാറിന്റെ നിലപാട് പലയാവര്‍ത്തി വ്യക്തമാക്കിയതാണെന്നും അവര്‍ കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:

നാലഞ്ചു ദിവസം മുന്‍പ് ഒരു യുവ അദ്ധ്യാപിക ഒരു പരാതി രേഖപ്പെടുത്തി സംസാരിച്ചു. ഒരു മാസം മുമ്പ് കൊടുങ്ങല്ലൂരിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവര്‍ക്ക് നേരിടേണ്ടിവന്ന ഒരനുഭവം പങ്കു വയ്ക്കാനാണ് വിളിച്ചത്. NET ക്ലിയര്‍ ചെയ്തിട്ടുള്ള, MAയും B.Ed-ഉം ഉള്ള ആ അധ്യാപികയ്ക്ക് ജോലി വേണമെങ്കില്‍, എല്ലാ ദിവസവും സാരി ഉടുത്തേ പറ്റൂ എന്നൊരു നിബന്ധന അധികാരികള്‍ മുന്നോട്ടുവച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് പല ആവര്‍ത്തി വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒക്കെത്തന്നെ അധ്യാപകര്‍ക്ക് ഇഷ്ടമുള്ള, അവര്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. സാരി അടിച്ചേല്‍പ്പിക്കുന്ന രീതി കേരളത്തിന്റെ പുരോഗമന ചിന്താഗതിക്ക് ഉതകുന്നതല്ല.

ഞാനും ഒരു അധ്യാപികയാണ്. കേരള വര്‍മയില്‍ പഠിപ്പിച്ചിരുന്ന സമയത്ത് നിരന്തരം ചുരിദാര്‍ ധരിച്ച് പോകുമായിരുന്നു.

ഒരു അധ്യാപികയ്ക്ക് നൂറായിരം കര്‍ത്തവ്യങ്ങള്‍ വഹിക്കേണ്ടതായുണ്ട്. പക്ഷേ അസ്ഥാനത്തുള്ള കാലഹരണപ്പെട്ട ആശയങ്ങളെ മുറുക്കിപ്പിടിച്ച് ജീവിക്കേണ്ട ഒരു സാഹചര്യം ഒരിക്കലും ഈ പട്ടികയില്‍ വരില്ല.

വസ്ത്രധാരണ രീതി ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ അകാരണമായി ഇടപെടാന്‍ മറ്റാര്‍ക്കും അവകാശമില്ല.

2014ല്‍ മെയ് 9ന് ഇത് വ്യക്തമാക്കി ഒരു സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നെങ്കിലും ഇപ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പ്രവൃത്തി ആവര്‍ത്തിച്ചുവരുന്നതായി അറിയാന്‍ സാധിച്ചതിനാല്‍, വീണ്ടും ഒരു ഉത്തരവ് കൂടി പുറപ്പെടുവിച്ചു.