സാക്ഷരതാ മിഷന്‍ ‘മികവുത്സവം’ നാളെ മുതല്‍; ജില്ലയിൽ 1199 പഠിതാക്കൾ
കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന സാക്ഷരതാ പരീക്ഷയായ ‘മികവുത്സവം’ നാളെ (നവംബര്‍ ഏഴിന്) ആരംഭിക്കും. ജില്ലയില്‍ നിന്നും 1199 പഠിതാക്കള്‍ പങ്കെടുക്കും. ഇവരില്‍ 204 പേര്‍ പുരുഷന്‍മാരും 995 പേര്‍ സ്ത്രീകളുമാണ്. എസ്.സി വിഭാഗത്തില്‍ നിന്നും 295 പഠിതാക്കളും എസ്. ടി വിഭാഗത്തില്‍ നിന്നും 22 പഠിതാക്കളും മികവുത്സവത്തില്‍ പങ്കെടുക്കും. ജില്ലയില്‍ 146 പരീക്ഷാ കേന്ദ്രങ്ങളിലായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മികവുത്സവം നടക്കും. കോഴിക്കോട് ബ്ലോക്കിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത 88 വയസ്സ് പ്രായമുളള കല്യാണി അമ്മയാണ് ജില്ലയിലെ മുതിര്‍ന്ന പഠിതാവ്.
ജില്ലാ സാക്ഷരാതാ മിഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നോഡല്‍ പ്രേരക്മാമരുടെ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി നോഡല്‍ പ്രേരക് സി.ഗോവിന്ദന് നല്‍കി ചോദ്യ പേപ്പര്‍ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍, ആരോഗ്യ – വിദ്യാഭ്യസ സ്ഥിരം സമിതി അദ്ധ്യക്ഷ എന്‍.എം.വിമല, സാക്ഷരതാമിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.പ്രശാന്ത്കുമാര്‍, അസി.കോഡിനേറ്റര്‍ പി.വി.ശാസ്തപ്രസാദ് പ്രസംഗിച്ചു.
മൂന്ന് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മികവുത്സവത്തില്‍ 100 മാര്‍ക്കിനുളള ചോദ്യങ്ങള്‍ക്കാണ് തല്‍സമയം മാര്‍ക്ക് രേഖപ്പെടുത്തുക. 30 മാര്‍ക്ക് നേടുന്നവരെ വിജയികളായി പ്രഖ്യാപിച്ച് ഡിസംബര്‍ 10ന് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇവര്‍ക്ക് നാലാം തരം തുല്യതാ കോഴ്സില്‍ പഠനം തുടരാന്‍ അവസരം ലഭിക്കും. നവംബര്‍ ഏഴിന് പരീക്ഷ നടത്താന്‍ പ്രയാസമുളള പ്രദേശങ്ങളിലെ പഠിതാക്കള്‍ക്ക് നവംബര്‍ 14ന് മികവുത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും.