സഹായം ചോദിച്ചുവരുന്നവരെ വെറുംകയ്യോടെ മടക്കാത്ത വ്യക്തിത്വം; ഷാർജയിൽ മരിച്ച കൊയിലാണ്ടി അരങ്ങാടത്ത് സ്വദേശിയായ നിജേഷിന്റെ വേര്‍പാട് വിശ്വസിക്കാനാവാതെ നാട്ടുകാര്‍


കൊയിലാണ്ടി: ‘ആര്‍ക്ക് എന്ത് സഹായവുമായി എപ്പോഴും സമീപിക്കാവുന്ന വ്യക്തിത്വം’ കഴിഞ്ഞദിവസം ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കൊയിലാണ്ടി അരങ്ങാടത്ത് സ്വദേശിയെക്കുറിച്ച് ചോദിച്ചാല്‍ നാട്ടുകാര്‍ ആദ്യം പറയുന്ന മറുപടി ഇതാണ്. നാട്ടില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായാലും ഷാര്‍ജയില്‍ എത്തുന്ന നാട്ടുകാര്‍ക്ക് താമസസൗകര്യമോ മറ്റോ ഏര്‍പ്പെടുത്തുന്ന കാര്യത്തിലായാലും ധൈര്യമായി സമീപിക്കാവുന്നയാളായിരുന്നു നിജേഷ്.

കുടുംബത്തിന്റെ സാമ്പത്തികമായ പരാധീനതകളാണ് ഭൂരിപക്ഷം പ്രവാസികളെയും പോലെ നിജേഷിനെയും നാട്ടില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചത്. പതിമൂന്നുവര്‍ഷം മുമ്പാണ് പ്രവാസജീവിതം തുടങ്ങിയത്. ഇതിനിടെ സ്വന്തമായി ഒരു വീടുപണിതു. ഒന്നരവര്‍ഷം മുമ്പ് ദീപ്‌നയുമായി ഒരുമിച്ച് ജീവിതം തുടങ്ങി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ഭാര്യയുമൊത്ത് പുതിയ വീട്ടില്‍ താമസം തുടങ്ങി കൊതി തീരുംമുമ്പ് അവധി കഴിഞ്ഞ് മടങ്ങുകയും ചെയ്തു. പതിനൊന്ന് മാസമായി തിരിച്ച് ഷാര്‍ജയിലേക്ക് പോയിട്ട്. വരുന്ന ഏപ്രിലില്‍ നാട്ടിലേക്ക് വരാനിരിക്കെയാണ് ഹൃദയാഘാതത്തിന്റെ രൂപത്തില്‍ നിജേഷിനെ മരണം കൊണ്ടുപോയത്.

ഷാര്‍ജയില്‍ മാട്രസുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയിലാണ് നിജേഷ് ജോലി ചെയ്തിരുന്നത്. പരേതനായ ഭാസ്‌കരന്റെയും വസന്തയുടെയും മകനാണ്. നിജില്‍, നിഷാദ് എന്നീ രണ്ട് സഹോദരങ്ങളുമുണ്ട്.