‘സഹജീവികളോട് അല്‍പ്പം കരുണ കാണിക്കൂ’; കാറിടിച്ച് നായ പിടഞ്ഞു മരിച്ചത് കണ്‍മുന്നില്‍ കണ്ടതിന്റെ നടുക്കം മാറാതെ കല്ലോട് സ്വദേശി ശ്രീനേഷ് പേരാമ്പ്ര ന്യൂസിനോട്- വീഡിയോ
പേരാമ്പ്ര: വാഹനാപകടത്തില്‍പ്പെട്ട ചില മനുഷ്യരെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാതെ റോഡില്‍ രക്തംവാര്‍ന്നു മരിക്കുന്ന സംഭവങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അപ്പോള്‍ പിന്നെ അത്തരം അപകടങ്ങള്‍ക്ക് ഇരയാവുന്ന മൃഗങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. എന്നാല്‍ മനുഷ്യത്വമുള്ള മനസുകളെ സംബന്ധിച്ച് അത്തരം കാഴ്ചകള്‍ വലിയൊരു മുറിവായിരിക്കും. അങ്ങനെയൊരു വേദന ഏറ്റുവാങ്ങേണ്ടിവന്നതിന്റെ നടുക്കത്തിലാണ് പേരാമ്പ്ര കല്ലോട് ഇലക്ട്രിക് ഉപകരണങ്ങള്‍ വില്‍ക്കുന്ന കട നടത്തുന്ന ശ്രീനേഷ്.
സംഭവത്തെക്കുറിച്ച് ശ്രീനേഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് വിവരിക്കുന്നതിങ്ങനെ:
പതിവുപോലെ കടയിലെത്തിയതായിരുന്നു ഞാന്‍. രാവിലെ 9.45 ഓടെയായിരുന്നു സംഭവം. കടയുടെ സമീപത്തുവെച്ച് ഒരു വെള്ള കാര്‍ നായയെ ഇടിച്ച് കടന്ന് പോയി. ഏതാണ്ട് ഒരു പത്തുമീറ്ററോളം പോയശേഷം വണ്ടി നിര്‍ത്തുകയും രണ്ട് യുവാക്കള്‍ പുറത്തിറങ്ങി കാറിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചോ എന്ന് നോക്കുകയും പിന്നീട് വണ്ടിയുമായി മുന്നോട്ടുപോകുകയും ചെയ്തു. ഈ സമയത്ത് വാഹനമിടിച്ച നായ മരണവെപ്രാളത്തോടെ റോഡ് മുറിച്ച് കടക്കുകയുംഎന്റെ കടയ്ക്കരികിലെത്തി ഉടനെ വീണ് പിടഞ്ഞ് അല്പസമയത്തിനകം തന്നെ മരിക്കുകയും ചെയ്തു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ യുവാക്കള്‍ നായയെ ഒന്നും തിരിഞ്ഞു നോക്കുക പോലും ചെയ്യാതെയാണ് പോയത്.
ഇടിച്ച വാഹനത്തിന്റെ ഫോട്ടോയെടുക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. പക്ഷേ നമ്പറൊന്നും വ്യക്തമായി കിട്ടിയില്ല. എന്തു ചെയ്യണമെന്നറിയാതെ കുറച്ചുസമയം അവിടെനിന്നു. പിന്നെ എന്റെ കൂട്ടുകാരനായ ഉണ്ണിയെ വിളിച്ച് ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ഒരു കുഴിയെടുത്ത് നായയെ അടക്കം ചെയ്തു.
വണ്ടിയുമായി പോകുമ്പോള്‍ ഇതുപോലുള്ള അപകടങ്ങളൊക്കെ ചിലപ്പോള്‍ സംഭവിക്കും. നായയാണെങ്കിലും അതും ഒരു ജീവന്‍ ആണ്. എത്ര തിരക്കായാലും അതിനോട് അല്പം കാരുണ്യം കാട്ടുന്നതില്‍ തെറ്റില്ലെന്നു പറയുകയാണ് ശ്രീനേഷും ഉണ്ണിയും.
വീഡിയോ: