സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ്: കേരളത്തെ തകര്‍ത്ത് തമിഴ്‌നാട് സെമിയില്‍; ക്വാര്‍ട്ടറില്‍ കേരളത്തിന്റെ തോല്‍വി അഞ്ചു വിക്കറ്റിന് (വീഡിയോ കാണാം)
ന്യൂഡല്‍ഹി: കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മലിന്റെയും വിഷ്ണു വിനോദിന്റെയും വെടിക്കെട്ട് ബാറ്റിങ് വെറുതെയായി. സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കേരളത്തെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് തമിഴ്‌നാട് സെമിയില്‍ കടന്നു. മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ തമിഴ്‌നാട് 182 എന്ന വിജയലക്ഷ്യത്തിലെത്തി.
ഹരി നിഷാന്ത് (22 പന്തില്‍ 32), സായ് സുദര്‍ശന്‍ (31 പന്തില്‍ 46), വിജയ് ശങ്കര്‍ (26 പന്തില്‍ 33), സഞ്ജയ് യാദവ് (22 പന്തില്‍ 32) എന്നിവരുടെ ഇന്നിങ്സുകളാണ് തമിഴ്നാടിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ഷാരൂഖ് ഖാന്‍ ഒമ്പത് പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു.
കേരളത്തിനായി മനുകൃഷ്ണന്‍ മാത്രമാണ് ഭേദപ്പെട്ട ബൗളിങ് പ്രകടനം പുറത്തെടുത്തത്. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങിയ താരം മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തിരുന്നു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഓപ്പണറായ കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മലും വിഷ്ണു വിനോദും കേരളത്തിനായി അര്‍ധ സെഞ്ചുറി നേടി. രോഹന്‍ 43 പന്തുകള്‍ നേരിട്ട് അഞ്ചു ബൗണ്ടറിയടക്കം 51 റണ്‍സെടുത്തു. എന്നാല്‍ തമിഴ്‌നാടിനായി ബൗളര്‍മാരെ നിലംതൊടീക്കാതെ പറത്തി 26 പന്തില്‍ നിന്ന് ഏഴു സിക്‌സും രണ്ടു ഫോറുമടക്കം 65 റണ്‍സോടെ പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് കേരളത്തെ 181-ല്‍ എത്തിച്ചത്.
ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റേത് മികച്ച തുടക്കമായിരുന്നു. ഓപ്പണര്‍മാരായ രോഹനും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്ന് 39 പന്തില്‍ 45 റണ്‍സടിച്ചു. 14 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത അസ്ഹറുദ്ദീനെ മടക്കി മുരുഗന്‍ അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
രണ്ടാം വിക്കറ്റില്‍ സച്ചിന്‍ ബേബിയെ കൂട്ടുപിടിച്ച് 46 റണ്‍സും രോഹന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 13-ാം ഓവറില്‍ രോഹനെയും തുടര്‍ന്ന് ക്യാപ്റ്റന്‍ സഞ്ജു സാംസണെയും (0) മടക്കി സഞ്ജയ് യാദവ് കേരളത്തെ ഞെട്ടിച്ചു.
തുടര്‍ന്നായിരുന്നു സച്ചിന്‍ ബേബിയെ കൂട്ടുപിടിച്ച് വിഷ്ണുവിന്റെ വെടിക്കെട്ട്. സച്ചിന്‍ 32 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത് 19-ാം ഓവറില്‍ മടങ്ങി. സജീവന്‍ അഖില്‍ ഒമ്പത് റണ്‍സുമായി പുറത്താകാതെ നിന്നു.