സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണ്ട, വാരാന്ത്യ നിയന്ത്രണങ്ങള്‍ തുടരും; സര്‍വ്വ കക്ഷിയോഗത്തിലെ സുപ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ


തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും കടുത്ത പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായത്. വാരാന്ത്യത്തിലുള്ള നിയന്ത്രണങ്ങള്‍ തുടരാനും സര്‍വ്വകക്ഷി യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.

കടകള്‍ രാത്രി ഏഴര വരെ മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാനാണ് തീരുമാനം. ഇത് ഒന്‍പത് മണിവരെ നീട്ടാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടെങ്കിലും കൊവിഡ് അടിയന്തര സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ നിര്‍ദ്ദേശം പിന്നീട് എല്ലാവരും അംഗീകരിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ മെയ് രണ്ടിന് വാരാന്ത്യ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കില്ല. വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനം വേണ്ട എന്നാണ് രാഷ്ട്രീയ കക്ഷികള്‍ ഒരുമിച്ചെടുത്ത സുപ്രധാന തീരുമാനം. ആഹ്ലാദ പ്രകടനം ഏതെങ്കിലും നിയമമോ ഉത്തരവോ മൂലം നിരോധിച്ചിട്ടില്ല. രാഷ്ട്രീയ നേതൃത്വം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയാണ് വേണ്ടതെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.

80 വയസിന് മുകളിലുളളവര്‍ക്ക് വാക്‌സിന്‍ വിതരണത്തിനായി പ്രത്യേക കൗണ്ടറുകള്‍ വേണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ആദിവാസി മേഖലകളില്‍ കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. ജില്ലകളിലെ നിയന്ത്രണങ്ങള്‍ക്ക് പൊതുസ്വഭാവമായിരിക്കില്ല. കൊവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ച് ജില്ലാ ഭരണകൂടങ്ങള്‍ക്ക് അനുയോജ്യമായ തീരുമാനമെടുക്കാം.