സമയ ബന്ധിതമായി പണി പൂര്‍ത്തികരിച്ചില്ല; വടക്കുമ്പാട്-വഞ്ചിപ്പാറ-ഗോപുരത്തിലിടം റോഡിന്റെ കരാറുകാരനെ ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ്


പേരാമ്പ്ര : സമയബന്ധിതമായി റോഡ് പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ വടക്കുമ്പാട്-വഞ്ചിപ്പാറ-ഗോപുരത്തിലിടം റോഡിന്റെ കരാറുകാരനെ ഒഴിവാക്കി. കാസര്‍കോട് സ്വദേശി എം.ടി. ഫായിസിനെതിരെയാണ് പൊതുമരാമത്തുവകുപ്പ് നടപടി സ്വീകരിച്ചത്. പൂര്‍ത്തീകരിക്കേണ്ട കാലാവധി നീട്ടിനല്‍കിയിട്ടും പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തില്‍ ശേഷിക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കാനുള്ള വ്യവസ്ഥയോടെയാണ് കരാറുകാരനെ ഒഴിവാക്കിയത്. നിശ്ചിതസമയത്ത് പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ നാലുലക്ഷം രൂപ കരാറുകാരനില്‍നിന്ന് മൂന്നുമാസത്തിനകം ഈടാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മന്ത്രിയായിരിക്കെ ടി പി രാമകൃഷ്ണന്റെ ഇടപെടലിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് അഞ്ചുകോടി രൂപ റോഡ് നവീകരണത്തിനായി അനുവദിച്ചു. 2020 മാര്‍ച്ചില്‍ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് റോഡിന്റെ നവീകരണം ആരംഭിച്ചെങ്കിലും കരാറുകാരന്റെ അനാസ്ഥ മൂലം നിര്‍മാണം വഴിമുട്ടി. 3.300 കിലോമീറ്റര്‍ ദൂരം ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തിലാണ് പുനര്‍നിര്‍മിക്കേണ്ടത്. എട്ടുമാസംകൊണ്ട് പൂര്‍ത്തീകരിക്കണമെന്നായിരുന്നു കരാര്‍. ലോക്ഡൗണ്‍ കണക്കിലെടുത്ത് സമയപരിധി ഈവര്‍ഷം ഏപ്രില്‍വരെ നീട്ടിനല്‍കിയിരുന്നുവെങ്കിലും പൂര്‍ത്തീകരിച്ചില്ല.

തുടര്‍ന്ന് ജൂലായില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പങ്കെടുത്ത യോഗത്തില്‍ ഡിസംബറിനകം പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ അന്ത്യശാസനം നല്‍കിയിരുന്നു. എന്നിട്ടും പണി നടത്താത്തതിനെത്തുടര്‍ന്നാണ് കരാറുകാരനെ ഒഴിവാക്കി പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനിയര്‍ ഇ.ജി. വിശ്വപ്രകാശ് ഉത്തരവിട്ടത്.

റോഡിന്റെ തുടക്കത്തില്‍ വടക്കുമ്പാട് – കന്നാട്ടി വയല്‍ഭാഗം വീതി കൂട്ടി കരിങ്കല്‍ കൊണ്ട് ഇരു ഭാഗവും കെട്ടിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് മാസത്തില്‍ ഏറെയായി പണി ഒന്നും നടക്കുന്നില്ല. റോഡിന്റെ പലയിടത്തും ചളിയായി കിടക്കുന്നതിനാല്‍ കാല്‍നട പോലും ദുഷ്‌ക്കരമായ അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് നടപടി.