സന്തോഷ വാർത്ത, നഗരസഭയിൽ വ്യാപാരമോ ഉദ്പ്പാദനമോ തുടങ്ങാൻ ഇനി എളുപ്പം; 30 ദിവസത്തിനുള്ളിൽ അനുമതി


കോഴിക്കോട്: നഗരസഭ പരിധിയിൽ വ്യാപാരമോ ഉൽപ്പാദനമോ ആരംഭിക്കാൻ ഇനി അപേക്ഷിച്ച് 30 ദിവസത്തിനകം അനുമതി നൽകും. ഇതിനായുള്ള മുനിസിപ്പൽ നിയമം ഭേദഗതിയുടെ ചട്ടം നിലവിൽ വന്നു. ഇതിനായി 400 ഓളം വിഭാഗത്തെ അഞ്ച് സ്ലാബാക്കി വിവിധ ഫീസുകൾ ഏകീകരിച്ചു.

പലരും ഒരു കടയിൽ ഒന്നിലേറെ ഉൽപന്നങ്ങൾ വിൽക്കും. സീസണ് അനുസരിച്ച് വിൽക്കുന്ന സാധനങ്ങളിൽ മാറ്റം വരുത്തുന്നവരുമുണ്ട്. അത്തരക്കാർ ഓരോന്നിനും വെവ്വേറെ ഫീസ് അടയ്ക്കണമായിരുന്നു. സ്ലാബ് സമ്പ്രദായം വന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാവുകയാണ്.

നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് കേരള മുനിസിപ്പൽ നിയമം 2018ൽ ഭേദഗതി ചെയ്തിരുന്നു അതിന്റെ ചട്ടമാണ് നിലവിൽ വന്നത്.

അപേക്ഷ ലഭിച്ചാൽ അപ്പോൾ തന്നെ സെക്രട്ടറി കൈപ്പറ്റ് രസീതി നൽകണം. അപേക്ഷ പരിശോധിച്ച് രേഖകൾ ഇല്ലെങ്കിൽ അത് അറിയിച്ച് അഞ്ച് ദിവസം സമയം അനുവദിക്കണം. ഇത് അപേക്ഷകനെ രേഖാമൂലം അറിയിക്കണം. തുടർന്ന് പരമാവധി 30 ദിവസത്തിനകം പെർമ്മിറ്റ് നൽകണം. അല്ലെങ്കിൽ എന്തുകൊണ്ട് അനുമതി നൽകുനില്ല എന്ന് അറിയിക്കണം.

ഫീസിലും വലിയ മാറ്റം വരും. വ്യാപാരം സ്ഥാപനം അല്ലെങ്കിൽ ഉൽപ്പാദന മേഖല എന്നിവയെ അതിന്റെ മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് സ്ലാബാക്കിയത്. ഏറ്റവും കുറഞ്ഞ ഫീസ് 500 രൂപയും കൂടിയ ഫീസ് 15,000 രൂപയുമാണ്.