സന്തോഷ വാർത്ത; കടുക്കുഴി ചിറ നവീകരിക്കുന്നു: 4.98 കോടി രൂപ ചിലവഴിക്കും


കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്തിലെ മുചുകുന്ന് കൊയിലോത്തുംപടി ക്ഷേത്രത്തിന് മുൻവശത്തായി സ്ഥിതി ചെയ്യുന്ന കടുക്കുഴി ചിറ നവീകരണത്തിന് 4.98 കോടി രൂപയുടെ ഭരണാനുമതിയായതായി കെ.ദാസൻ എം.എൽ.എ അറിയിച്ചു. കഴിഞ്ഞ ബജറ്റിൽ 5 കോടി രൂപ ഈ പദ്ധതിക്കായി വകയിരുത്തിയിരുന്നു. തുടർന്ന് കേരള ലാന്റ് ഡവലപ്മെന്റ് കോർപ്പറേഷൻ തയ്യാറാക്കി സമർപ്പിച്ച എസ്റ്റിമേറ്റിനാണ് ഇപ്പോൾ സംസ്ഥാന കൃഷി വകുപ്പ് ഭരണാനുമതി നൽകിയിരിക്കുന്നത്.

വലിയൊരു പ്രദേശത്തിന്റെ കുടിവെള്ള സ്രോതസ്സായി നിലകൊള്ളുന്ന ഈ ചിറയിൽ ധാരാളം താമരപ്പൂവുകൾ വളരുന്ന കാഴ്ച സുന്ദരമായിരുന്നു. ഇടക്കാലത്ത് കൂടുതലായി പായലും ചമ്മിയും നിറഞ്ഞ് നാശോന്മുഖമായി മാറാനൊരുങ്ങിയപ്പോൾ ജനകീയ ഇടപെടലുകളുടെ ഭാഗമായി ചമ്മി വാരലടക്കമുള്ള ശുചീകരണ പ്രവൃത്തികൾ നടത്തിയിരുന്നു.

പിഷാരാകാവ് കൊല്ലം ചിറ നവീകരിച്ച മാതൃകയിൽ ഇതും നവീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബജറ്റിലേക്ക് ഈ പദ്ധതി മുന്നോട്ടുവെച്ചത്. കൊല്ലം ചിറ നവീകരണം ഭംഗിയായി നടത്തിയ കേരളാ ലാന്റ് ഡവലെപ്മെന്റ് കോർപ്പറേഷൻ തന്നെയാണ് ഈ പദ്ധതിയുടെയും മേൽനോട്ടവും വഹിക്കുക. സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടർ ചെയ്ത് പ്രവൃത്തികൾ ഉടൻ ആരംഭിക്കാനാകുമെന്ന് എം.എൽ.എ പറഞ്ഞു.

പാർശ്വ ഭിത്തികൾ കെട്ടി സംരക്ഷിച്ച് ചുറ്റും ബ്രിക്സ് പാകിയ നടപ്പാതയൊരുക്കി വളരെ മനോഹരമായിട്ടാണ് ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. കടുക്കുഴിയുടെ തനിമ നിലനിർത്തി കൊണ്ട് പ്രഭാത സായഹ്ന സവാരിക്കും വിശ്രമത്തിനും ഉപയോഗിക്കാനാവും വിധം ഇവിടം മാറാനൊരുങ്ങുകയാണ്.