സന്തോഷ വാര്‍ത്ത, 60 വയസിനു മുകളിലുള്ളവരുടെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പഞ്ചായത്തായി ചക്കിട്ടപ്പാറ; ഔദ്യോഗിക പ്രഖ്യാപനം ഓഗസ്ത് അഞ്ചിനെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്, വിശദമായി നോക്കാം ചക്കിട്ടപ്പാറയിലെ കൊവിഡ് നിയന്ത്രണങ്ങളും ഇളവുകളും


ചക്കിട്ടപ്പാറ: കോഴിക്കോട് ജില്ലയിലെ അറുപത് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിയ പഞ്ചായത്തായി ചക്കിട്ടപ്പാറ മാറുന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഓഗസ്ത് അഞ്ചിന് നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പഞ്ചായത്തിലെ അറുപത് വയസ്സ് പൂര്‍ത്തിയായ നാലായിരത്തിന് മുകളില്‍ ആളുകളുടെ വാകസിനേഷന്‍ പൂര്‍ത്തിയായതായും പ്രസിഡന്റ് വ്യക്തമാക്കി.

4233 പേരാണ് ചക്കിട്ടപ്പാറ പഞ്ചായത്തില്‍ അറുപത് വയസ്സിന് മുകളില്‍ ഉള്ളത്. ഇവരില്‍ 83 പേരൊഴികെയുള്ള ബാക്കി എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാണിച്ച 83 പേരില്‍ നിന്നും അതത് വാര്‍ഡിന്റെ ഹെല്‍ത്ത് ഉദ്യോഗസ്ഥന്റെ കൗണ്ടര്‍ സൈനോടുകൂടി വിസമ്മദപത്രം എഴുതി വാങ്ങി. പഞ്ചായത്തിലെ ഓരോ വര്‍ഡുകളും വിവിധ ക്ലസ്റ്ററുകളായി തിരിച്ച് സര്‍വ്വെ നടത്തിയാണ് പഞ്ചായത്തിലെ അറുപത് വയസ്സ് പൂര്‍ത്തിയാക്കിയ വാക്‌സിന്‍ സ്വീകരിക്കാത്ത ആളുകളെ കണ്ടെത്തിയത്.

ഇവരില്‍ കിടപ്പു രോഗികളായവര്‍ക്ക് വീടുകളില്‍ മൊബൈല്‍ യൂണിറ്റ് ഒരുക്കിയാണ് പഞ്ചായത്ത് വാക്‌സിന്‍ ലഭ്യമാക്കിയത്. കൂടാതെ വാക്‌സിന്‍ സ്വീകരിക്കാന്‍ താത്പര്യമുണ്ടായിട്ടും എടുക്കാന്‍ സാധിക്കാത്തവരെ പഞ്ചായത്തിന്റെ ചെലവില്‍ ആര്‍ ആര്‍ ടി വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ എത്തിച്ചാണ് ഇവര്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പുവരുത്തിയത്.

കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ പഞ്ചായത്ത് കോര്‍ കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് കെ സുനില്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കടകളുടെ പ്രവര്‍ത്തന സമയത്തിലും ജോലിക്കാരുടെ എണ്ണം നിജപ്പെടുത്താനും പഞ്ചായത്ത് തീരുമാനിച്ചു.

നിലവില്‍ കാറ്റഗറി ബിയിലാണ് ചക്കിട്ടപ്പാറ പഞ്ചായത്ത്. 5.6 ശതമാനമാണ് പഞ്ചായത്തിന്റെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടി പി ആര്‍ നിരക്ക്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പഞ്ചായത്തില്‍ എല്ലാ ആഴ്ചയിലും 1500 പേരെ ടെസ്റ്റിന് വിധേയമാക്കുന്നുണ്ടെന്നും പ്രസിഡ്ന്റ് പറഞ്ഞു. ഇവരില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരെ ഡി സി സി സെന്ററിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അതോടൊപ്പം ഇവരുമായി സമ്പര്‍ക്കത്തില്‍ വരുന്നവരെ ക്വാറന്റയിനിലേക്ക് മാറ്റി കൊവിഡ് ടെസ്റ്റിന് വിധേയമാക്കും. കൊവിഡ് നെഗറ്റീവ് എന്ന് ബോധ്യപ്പെട്ടാല്‍ മാത്രമാണ് ഇവരെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നത്.

പഞ്ചായത്തിലെ നിയന്ത്രണങ്ങള്‍ ചുവടെ കൊടുക്കുന്നു

  • എല്ലാ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും 50 ശതമാനം ജീവനക്കാരെ വെച്ച് എല്ലാ ദിവസവും പ്രവര്‍ത്തിക്കാവുന്നതാണ്.
  • ബാങ്കുകള്‍ക്ക് എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
  • അവശ്യ സര്‍വ്വീസുള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും രാവിലെ എഴ് മണി മുതല്‍ വെകീട്ട് ഏഴ് മണിവരെ 50 ശതമാനം ജീവനക്കാരെ വെച്ച മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളു. വളം, കാലിത്തീറ്റ എന്നിവ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാം.
  • ആരാധനാലയങ്ങളില്‍ 15 പേര്‍ക്ക് പ്രവേശിക്കാം.
  • അക്ഷയ കേന്ദ്രങ്ങള്‍, ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് എല്ലാ ദിവസവും രാവിലെ എഴ് മണി മുതല്‍ വെകീട്ട് ഏഴ് മണിവരെ പ്രവര്‍ത്തിക്കാം.
  • നിര്‍മ്മാണ സാമഗ്രിയകള്‍ വില്‍ക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്താക്കാന്‍ അനുവാദമുണ്ട്.
  • ബി കാറ്റഗറിയില്‍ പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം.
  • അവശ്യ സര്‍വ്വീസല്ലാത്ത സ്ഥാപനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
  • ഹോട്ടലുകള്‍ രാവിലെ എഴ് മണി മുതല്‍ വെകീട്ട് ഏഴ് മണിവരെ ഹോം ഡെലിവറി പാര്‍സല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കാം.
  • പൊതുജനങ്ങളുമാ.ി സമ്പര്‍ക്കത്തില്‍ വരുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ (കടകളിലെ ജോലിക്കാര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍) എട്ട് ദിവസത്തിലൊരിക്കല്‍ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കണം. അല്ലാത്ത പക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ടെത്തി കടകളും മറ്റും അടപ്പിക്കുന്നതായിരിക്കും.