സത്യസന്ധതയ്ക്ക് സ്വര്‍ണ്ണത്തേക്കാള്‍ മൂല്യം നല്‍കി സ്വര്‍ണ്ണ; വീണു കിട്ടിയ മുപ്പതിനായിരം രൂപ ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് മാതൃകയായി ചേമഞ്ചേരി സ്വദേശിനി


കൊയിലാണ്ടി: വീണു കിട്ടിയ മുപ്പതിനായിരം രൂപയും ബാങ്ക് പാസ്ബുക്കുകളും ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി ചേമഞ്ചേരി സ്വദേശിനി. പൊയില്‍ക്കാവ് തുവ്വക്കാട് പറമ്പിലെ സ്വര്‍ണ്ണ എം.കെയാണ് കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ മുഖേനെ ഉടമയെ കണ്ടെത്തി പണവും രേഖകളും തിരികെ നല്‍കിയത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് കൊയിലാണ്ടി ദേശീയപാതയില്‍ സ്റ്റേറ്റ് ബാങ്കിന് സമീപത്ത് വച്ച് സ്വര്‍ണ്ണയ്ക്ക് പണവും പാസ്ബുക്കുകളും അടങ്ങിയ സഞ്ചി വീണ് കിട്ടുന്നത്. ജോലിക്കിടയിലെ ഇടവേളയില്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.

ഉടന്‍ തന്നെ ഓട്ടോറിക്ഷ വിളിച്ച് സ്വര്‍ണ്ണ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയും വിവരങ്ങള്‍ പറഞ്ഞ് പണമടങ്ങിയ സഞ്ചി കൈമാറുകയും ചെയ്തു. എസ്.ഐ വിശ്വനാഥനെ പണം ഏല്‍പ്പിച്ച ശേഷം സ്വര്‍ണ്ണ തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങി.

സി.ഐ സുനില്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസ് ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ട് പാസ്ബുക്കിന്റെ ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ചു. മൂടാടി സ്വദേശി നാരായണന്റെതായിരുന്നു പണം. ഇദ്ദേഹത്തെയും സ്വര്‍ണ്ണയെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ശേഷം പൊലീസിന്റെ സാന്നിധ്യത്തില്‍ സ്വര്‍ണ്ണ തന്നെ നാരായണന് പണവും ബാങ്ക് പാസ്ബുക്കുകളും അടങ്ങിയ സഞ്ചി കൈമാറി.

നഷ്ടപ്പെട്ടുവെന്ന് കരുതിയ പണം തിരിച്ച് കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ നാരായണന്‍ അതിന് കാരണമായ സ്വര്‍ണ്ണയോട് നന്ദി പറഞ്ഞു. സ്വര്‍ണ്ണയുടെ സത്യസന്ധതയെ പൊലീസുകാരും സഹപ്രവര്‍ത്തകരുമെല്ലാം അഭിനന്ദിച്ചു.

കൊയിലാണ്ടിയിലെ എം.കെ മെന്‍സ് പ്ലാനറ്റ് എന്ന സ്ഥാപനത്തിലാണ് സ്വര്‍ണ്ണ ജോലി ചെയ്യുന്നത്. വിപിനാണ് സ്വര്‍ണ്ണയുടെ ഭര്‍ത്താവ്. വിജയ്, വൈഗ എന്നീ രണ്ട് മക്കളുമുണ്ട്. അമ്മ ശ്യാമള.

സ്വര്‍ണ്ണ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞ വാക്കുകള്‍

ചായ കുടിക്കാനായാണ് ഞാന്‍ ഷോപ്പില്‍ നിന്ന് പുറത്തിറങ്ങിയത്. സ്റ്റേറ്റ് ബാങ്കിന് മുന്നിലെ ബസ് സ്റ്റോപ്പിന് അടുത്തെത്തിയപ്പോഴാണ് റോഡില്‍ കവര്‍ കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. കുറച്ച് നേരമായിട്ടും അത് ആരും എടുക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഞാന്‍ അതെടുത്ത് തുറന്ന് നോക്കി.

കവറ് തുറന്നപ്പോള്‍ നോട്ട് കെട്ടുകളാണ് കണ്ടത്. ഞാന്‍ ഞെട്ടിപ്പോയി. വലിയ തുകയുണ്ട് എന്ന് ഒറ്റനോട്ടത്തില്‍ മനസിലായി. കൂടെ ഒന്ന് രണ്ട് ബാങ്ക് പാസ്ബുക്കുകളും ഉണ്ട്. ഉടമയെ സ്വയം അന്വേഷിക്കുന്നതിനെക്കാള്‍ നല്ലത് പൊലീസിനെ അറിയിക്കുന്നതാണ് എന്ന് തോന്നി. അല്ലെങ്കില്‍ ഇത് മറ്റാരെങ്കിലും കൊണ്ട് പോയാലോ എന്ന സംശയവും എനിക്ക് ഉണ്ടായിരുന്നു.

പിന്നെ ഒന്നും ആലോചിച്ചില്ല. ഓട്ടോറിക്ഷാ സ്റ്റാന്റില്‍ നിന്ന് ഓട്ടോറിക്ഷ വിളിച്ച് പൊലീസ് സ്റ്റേഷനിലേക്ക് പോയി. പോകുന്ന വഴി പണം എണ്ണി നോക്കി. മുപ്പതിനായിരം രൂപ ഉണ്ടായിരുന്നു. വിവരം ഞാന്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്ന ചേട്ടനോടും പറഞ്ഞു.

സ്റ്റേഷനിലെത്തിയ ഞങ്ങള്‍ കാര്യങ്ങളെല്ലാം എസ്.ഐ വിശ്വനാഥനോട് പറഞ്ഞു. കവറ് കൈമാറുകയും ചെയ്തു. പിന്നെ ഞാന്‍ തിരികെ ജോലിക്ക് പോയി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


അപ്പോഴേക്ക് പണം നഷ്ടപ്പെട്ടയാള്‍ ബാങ്കിന്റെയടുത്ത് വന്ന് തിരയാനും അവിടെയുള്ളവരോട് അന്വേഷിക്കാനും തുടങ്ങിയിരുന്നു. എന്നെ സ്‌റ്റേഷനിലേക്ക് കൊണ്ടു പോയ ഓട്ടോറിക്ഷാ ഡ്രൈവര്‍ അദ്ദേഹത്തെ കണ്ടു. പണം പൊലീസ് സ്റ്റേഷനിലേല്‍പ്പിച്ചുവെന്ന് പറഞ്ഞു. പിന്നെ 12 മണിയോടെ വീണ്ടും പൊലീസ് സ്റ്റേഷനിലേക്ക് പോയി എസ്.ഐയുടെ മുന്നില്‍ വച്ച് ഞാന്‍ അദ്ദേഹത്തിന് പണമടങ്ങിയ കവര്‍ തിരികെ കൊടുത്തു.

കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയുടെ മൂല്യം എനിക്ക് മനസിലാവും. അത് നഷ്ടപ്പെടുന്നത് വളരെ സങ്കടമുണ്ടാക്കുന്ന കാര്യമാണ്. പണം നഷ്ടപ്പെട്ട ആള്‍ വല്ലാതെ ബുദ്ധിമുട്ടില്ലേ? ഇതൊക്കെ ആലോചിച്ചാണ് കിട്ടിയ ഉടനെ പണം പൊലീസിനെ ഏല്‍പ്പിച്ചത്. യഥാര്‍ത്ഥ ഉടമയ്ക്ക് തന്നെ പണം തിരികെ നല്‍കാന്‍ കഴിഞ്ഞതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. അവസാനം വരെ കൂടെ നിന്ന പേരറിയാത്ത ആ ഓട്ടോറിക്ഷാ ഡ്രൈവറായ ചേട്ടനോട് വളരെ നന്ദിയുണ്ട്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.