സഞ്ചാരികൾക്കിനി സുഖയാത്ര; കക്കയം ഡാം സൈറ്റ് റോഡ് നവീകരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്


പേരാമ്പ്ര: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കയത്തേക്കുള്ള റോഡ് നവീകരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്. എകരൂൽ കക്കയം ഡാം സൈറ്റ് റോഡ് സന്ദർശിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിരവധി പരാതികളാണ് ഈ റോഡുമായി ബന്ധപ്പെട്ട്‌ നിലവിലുള്ളത്. ബാലുശേരി എംഎൽഎ കെ എം സച്ചിൻ ദേവിന്റെ അഭ്യർഥന പ്രകാരമാണ് മന്ത്രി ബാലുശേരി മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികൾ സന്ദർശിച്ചത്. എസ്റ്റേറ്റ് മുക്ക് മുതൽ കക്കയം ഡാം വരെ 31 കിലോമീറ്റർ നീളമുള്ള പ്രധാന റോഡാണ് എകരൂൽ കക്കയം ഡാം സൈറ്റ് റോഡ്. എകരൂൽ മുതൽ 28 -ാം മൈൽ വരെ ബജറ്റിൽ പത്തുകോടി രൂപ നവീകരിക്കുന്നതിന് അനുവദിച്ചിട്ടുണ്ട്. ഈ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു .

28 -ാം മൈൽ മുതൽ പടിക്കൽ വയൽ വരെയുള്ള ഏഴ് കിലോമീറ്റർ ദൂരം ഹിൽ ഹൈവേയുടെ ഭാഗമായി നവീകരിക്കും. ഇത് കിഫ് ബിയുടെ പരിഗണനയിലാണ്. ബാക്കിയുള്ള 17 കിലോമീറ്റർ കിഫ്ബിയിലോ റീബിൽഡ് കേരളയിലോ ഉൾപ്പെടുത്തും. ബാലുശേരി കൂട്ടാലിട കൂരാച്ചുണ്ട് റോഡിൽ നടക്കുന്ന നവീകരണ പ്രവൃത്തിയും സന്ദർശിച്ചു. ആഗസ്‌ത്‌ 30 നകം പ്രവൃത്തി പൂർത്തീകരിച്ച് പൊതുജനങ്ങളുടെ യാത്രാപ്രശ്നം പരിഹരിക്കണമെന്ന് മന്ത്രി നിർർേദശിച്ചു.

ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ്‌ ഇന്ദിര ഏറാടിയിൽ, ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ അനിത, ബാലുശേരി പഞ്ചായത്ത് പ്രസിഡന്റ്‌ രൂപലേഖ കൊമ്പിലാട്, കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സിഎച്ച് സുരേഷ്, കായണ്ണ പഞ്ചായത്ത് പ്രസിഡന്റ്‌ സികെ ശശി , ഇ ജി വിശ്വപ്രകാശ്, ഹാഷിം, ഷാജി തയ്യിൽ, ഇസ്മയിൽ കുറുമ്പൊയിൽ, ടി കെ സുമേഷ്, പി സുധാകരൻ, എൻ നാരായണൻ കിടാവ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.