സഞ്ചാരികള്‍ക്കുവേണ്ടി അണിഞ്ഞൊരുങ്ങി പയംകുറ്റിമല; ലോക ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പി.എ മുഹമ്മദ് റിയാസ് പറഞ്ഞ പയംകുറ്റിമലയെക്കുറിച്ചറിയാം


ലനിരകളുടെ പച്ചപ്പും സാഗരനീലിമയും, അതാണ് വടകരയിലെ പയംകുറ്റിമല സഞ്ചാരികള്‍ക്ക് കാത്തുവെച്ചിരിക്കുന്നത്. വടകരയുടെയും അതിന്റെ ചുറ്റുപാടുകളുടെയും മനോഹരമായ കാഴ്ചയും ഉദയാസ്തമയവും അറബ്ബിക്കടലിന്റെ കാഴ്ചയും പയംകുറ്റിമലയില്‍ നിന്നും ആസ്വദിക്കാം.

സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 2000ത്തോളം അടി മുകളിലാണ് ഈ മല. അത്രയും ഉയരത്തില്‍ നിന്നുള്ള കാഴ്ചയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതും. തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് അല്പസമയം ശുദ്ധവായു ശ്വസിച്ച് ഇരിക്കാന്‍ പറ്റിയ ഇടം കൂടിയാണിവിടം.

മലമുകളില്‍ നിന്ന് നോക്കിയാല്‍ തെങ്ങിന്‍തോപ്പുകള്‍ക്കും പച്ചപ്പുകള്‍ക്കും മുകളിലായി നീലനിറത്തില്‍ അറബിക്കടലു കാണാം. വെള്ളിയാംകല്ലും തിക്കോടി ലൈറ്റ് ഹൗസും ഇത്തിരികൂടി സൂക്ഷ്മമായി നോക്കിയാല്‍ വയനാട് മലനിരയുമെല്ലാം ഇവിടെ നിന്നും കാണാം.

1989-90 ലാണ് പയംകുറ്റിമലയില്‍ മുത്തപ്പന്‍ ക്ഷേത്രം വരുന്നത്. ഇതോടെയാണ് മലയിലെ ടൂറിസം വികസന സാധ്യതകള്‍ ചിറകുമുളച്ചത്. പയംകുറ്റിമല ടൂറിസം വികസന സമിതി 15 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റേജും വാച്ച് ടവറും നിര്‍മിച്ചിരുന്നു. വില്യാപ്പള്ളി പഞ്ചായത്ത് മുന്‍കൈയെടുത്ത് നടത്തിയ പദ്ധതിയില്‍ യു.എല്‍.സി.സി പ്രോജക്ടില്‍ മനോഹരമായ വ്യൂ പോയിന്റ് ഗ്യാലറി ഇവിടെ ഒരുക്കിയിട്ടുണ്ട്.

44 മീറ്റര്‍ ഉയരത്തിലും ഏഴുമീറ്റര്‍ വീതിയിലുമാണ് ഗ്യാലറി നിര്‍മ്മിച്ചത്. ഇതിനോട് ചേര്‍ത്ത് സ്‌റ്റേജുമുണ്ട്. മുന്‍വശം ഇന്റര്‍ലോക്ക് പാകി ഇരിപ്പിടമൊരുക്കിയിട്ടുണ്ട്. കിഴക്കും പടിഞ്ഞാറും ഭാഗത്തെ നടപ്പാതയില്‍ നിന്നുകൊണ്ട് ഉദയാസ്തമയ കാഴ്ചകള്‍ കാണാം. ചുറ്റുമതിലില്‍ കഫ്റ്റീരിയയും പുന്തോട്ടവും വിളക്കുകാലുകളും സജ്ജമാക്കിയിട്ടുണ്ട്.

പ്രശസ്തമായ ലോകനാര്‍കാവ് ക്ഷേത്രത്തിലെ ഇന്നത്തെ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനും പയംകുറ്റിമലയുമായി ബന്ധമുണ്ടെന്നാണ് വിശ്വാസം. കുടക്കാട്ട് മലയില്‍ നിന്നും അസ്ത്രം എയ്തപ്പോള്‍ ആ അസ്ത്രം ചെന്നുതറിച്ചത് ഇന്ന് ലോകനാര്‍കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നത്രേ.

പയംകുറ്റിമലയെ ലോക ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തുമെന്ന ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ഉറപ്പ് ഇവിടുത്തെ ടൂറിസം സ്വപ്‌നങ്ങള്‍ക്ക് പ്രതീക്ഷപകരുന്നതാണ്.

പയംകുറ്റിമല കാരവന്‍ പാര്‍ക്കിന് അനുയോജ്യമായ പ്രദേശമാണെന്നും മന്ത്രി പറഞ്ഞിരുന്നു. പല ടൂറിസം പ്രദേശങ്ങളിലും സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള സൗകര്യമില്ല. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് കാരവന്‍ ടൂറിസത്തിന് പ്രോത്സാഹനം നല്‍കുന്നത്.

വടകര നഗരത്തില്‍ നിന്നും തിരുവള്ളൂര്‍ റൂട്ടില്‍ പണിക്കോട്ടിയില്‍ നിന്നും അല്പം കൂടി മുന്നോട്ടുപോകുമ്പോള്‍ ഇടതുവശത്തായി പയംകുറ്റിമല എന്ന ബോര്‍ഡ് കാണാം. ഇതുവഴി ഒന്നരകിലോമീറ്റര്‍ കുത്തനെയുള്ള കയറ്റം കയറിയാല്‍ പയംകുറ്റിമലയില്‍ എത്തിച്ചേരാം.