സഞ്ചാരികളെ സ്വാഗതം ചെയ്ത് കക്കയം; മൂന്നരമാസത്തെ അടച്ചുപൂട്ടലിന് ശേഷം കക്കയത്ത് ബോട്ടിങ് പുനരാരംഭിച്ചു


കൂരാച്ചുണ്ട് : മൂന്നരമാസത്തെ ഇടവേളയ്ക്കുശേഷം സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി കക്കയം ഹൈഡൽ ടൂറിസം കേന്ദ്രം. കോവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് ഏപ്രിൽ പകുതിയോടെ അടച്ച കേന്ദ്രം വെള്ളിയാഴ്ചയാണ് തുറന്നത്.

സർക്കാർ നിർദേശപ്രകാരം കേന്ദ്രങ്ങൾ തുറന്നെങ്കിലും കക്കയം ‍ടൗൺ കൺടെയ്‌ൻമെന്റ് സോണിൽ പെടുന്നതിനാൽ സഞ്ചാരികൾക്ക് താത്കാലികമായി പ്രവേശനം നിരോധിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് വിലക്കുനീങ്ങി സഞ്ചാരികൾ എത്തിത്തുടങ്ങിയത്. അമ്പതോളംപേരാണ് ചൊവ്വാഴ്ച കക്കയത്ത് എത്തിയത്. വിനോദ സഞ്ചാരികൾക്കായി ബോട്ട് സർവീസും ആരംഭിച്ചു. ചൊവ്വാഴ്ച 10,000 രൂപയോളം കളക്‌ഷൻ ഉണ്ടായതായി ഹൈഡൽ ടൂറിസം മാനേജർ കെ. ശിവദാസൻ അറിയിച്ചു.

കോവിഡ് കാരണം ഹൈഡൽ ടൂറിസത്തിനുണ്ടായത് ലക്ഷങ്ങളുടെ നഷ്ടമാണ്. രണ്ടുവർഷമായി കേന്ദ്രത്തിന് ഏകദേശം 75 ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നുണ്ടെന്ന് ഡാം സേഫ്റ്റി അസി. എക്സിക്യുട്ടീവ് എൻജിനിയർ സി. അബ്ദുൽ റഹീം പറഞ്ഞു.

പ്രവേശനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും പ്രവേശനം അനുവദിക്കുക. പത്തുവയസ്സിനുതാഴെയുള്ള കുട്ടികൾക്കും അറുപത്തിയഞ്ചിന് മുകളിലുള്ളവർക്കും പ്രവേശനമില്ല. കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ വിനോദസഞ്ചാരികൾ ശ്രദ്ധിക്കേണ്ടതുണ്ട്. പാർക്കും അനുബന്ധ ഏരിയകളും വെള്ളിയാഴ്ച ഹൈഡൽ ടൂറിസം ജീവനക്കാർ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു.