സഞ്ചരിക്കുന്ന പോളിങ് ബൂത്തുകള്‍ സജ്ജീകരിക്കുമെന്ന് ടിക്കാറാം മീണ


തിരുവനന്തപുരം: ബൂത്തിലെത്താന്‍ കഴിയാത്ത വോട്ടര്‍മാരായ കോവിഡ് രോഗികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് വോട്ടു ചെയ്യാന്‍ പ്രത്യേക ബാലറ്റ് റിട്ടേണിഗ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ വോട്ടറുടെ വീട്ടില്‍ എത്തിക്കുമെന്നും, ഫലത്തില്‍ ഇത് സഞ്ചരിക്കുന്ന ബൂത്തു പോലെയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാ റാം മീണ.
ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ച ഗോഡൗണ്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രത്യേക ബാലറ്റ് ഒരു കാരണവശാലും തപാല്‍ മാര്‍ഗം അയക്കില്ല. വോട്ടര്‍ക്കു ബാലറ്റു നല്‍കുന്ന നടപടികള്‍ വീഡിയോയില്‍ പകര്‍ത്തും. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് പ്രത്യേക ബാലറ്റ് നല്‍കുമ്പോള്‍ മതിയായ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നു ഉറപ്പു വരുത്തിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യേക ബാലറ്റ് വഴിതന്നെ വോട്ടുചെയ്യണമെന്നു നിര്‍ബന്ധമില്ല അത് തിരഞ്ഞെടുക്കുന്നത് വോട്ടറുടെ ഹിതമാണെന്നും ടിക്കാ റാം മീണ പറഞ്ഞു.

ഒരിക്കല്‍ ബി എല്‍ ഒ വഴി വോട്ടുചെയ്യാനുള്ള ഫോറം സ്വീകരിച്ചു കഴിഞ്ഞാല്‍ കോവിഡ് നെഗറ്റീവ് ആയാലും ബാലറ്റ് വഴിതന്നെ വോട്ടു രേഖപ്പെടുത്തണം. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഉദ്യോഗസ്ഥര്‍ നന്നായി പഠിച്ചു മനസിലാക്കണം. നിര്‍ഭയമായി തിരഞ്ഞെടുപ്പ് ജോലികള്‍ ചെയ്യണം. ചട്ടം ലംഘിച്ചാല്‍ സസ്‌പെന്‍ഷനും നിയമനടപടിക്കും വിധേയമാവുമെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, സിറ്റി പോലീസ് കമ്മീഷണര്‍ ടി.നാരായണന്‍, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ്.ശോഭ, പൊതുമരാമത്തു കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡി.സാജന്‍, തഹസില്‍ദാര്‍ എ.വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.