‘സജ്ജ’മാണ് മേപ്പയ്യൂര്‍: മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന പഠനസൗകര്യമൊരുക്കി മേപ്പയ്യൂര്‍ പഞ്ചായത്ത്; വിവിധ ഭാഗങ്ങളിലായി പഞ്ചായത്തില്‍ 62 പൊതു വൈഫൈ കേന്ദ്രങ്ങള്‍, പദ്ധതിയെ കുറിച്ച് വിശദമായി നോക്കാം


മേപ്പയ്യൂർ: പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യമുറപ്പുവരുത്തി വിദ്യാഭ്യാസ കേരളത്തിന് മാതൃകയാവുകയാണ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തും വിദ്യാഭ്യാസ പ്രവര്‍ത്തകരും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകരേയും വായനശാലകളേയും കലാസമിതികളേയുമെല്ലാം ഒറ്റക്കെട്ടായി അണിനിരത്തിയാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത്.

‍സാങ്കേതിക പ്രശ്നങ്ങള്‍ കാരണമോ സാമ്പത്തിക ബുദ്ധിമുട്ട് കാരണമോ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ക്ക് പരമാവധി 5 മിനുട്ട് നടന്നാല്‍ ഒരു സൗജന്യ വൈഫൈ കേന്ദ്രത്തിലെത്താം. പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിലായി 62 പൊതു വൈഫൈ കേന്ദ്രങ്ങള്‍ സ്ഥാപിച്ചുകൊണ്ട് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വിവരസാങ്കേതിക വിനിമയ രംഗത്ത് ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും പുതുമാതൃക സൃഷ്ടിക്കുകയാണ്.

‘ഡിജിറ്റല്‍ ഡിവൈഡ്’ പൂര്‍ണമായും ഇല്ലാതാക്കുക എന്ന വലിയ ലക്ഷ്യം കൈവരിക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുക എന്നത് സമൂഹത്തിന്റെ കടമയായി മാറിയിരിക്കുന്ന വര്‍ത്തമാന കാലത്ത് ഒരു ഗ്രാമപഞ്ചായത്ത് അതിന്റെ തനത് പ്രവര്‍ത്തനമായി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ വൈഫൈ സംവിധാനം ഓരോരുത്തരുടേയും വീടിന്റെ സമീപത്ത് ഒരുക്കുന്ന പദ്ധതി സംസ്ഥാനത്തിലെ തന്നെ ഒന്നാമത്തേതായി മാറുന്നു.

കൊവിഡ് കാലം അസാധ്യമാക്കിയ ക്ലാസ്റൂം പഠനപ്രവര്‍ത്തനങ്ങളെ അതേ അളവിലും അര്‍ത്ഥത്തിലും ഓണ്‍ലൈനിലൂടെ മേപ്പയ്യൂര്‍ പഞ്ചായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ സജ്ജം 2021 പദ്ധതിയുടെ ഭാഗമായി‍ പഞ്ചായത്തിലെ പതിനാറ് സ്കൂളുകളിലായി പഠിക്കുന്ന 7138 കുുട്ടികള്‍ക്കിടയില്‍ നടത്തിയ വിപുലമായ സര്‍വ്വെയില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തവരായി 250 പേരുണ്ടെന്നും മൊബൈല്‍ നെറ്റ്‍വര്‍ക്ക് പ്രശ്നം അനുഭവപ്പെടുന്ന 40 പ്രദേശങ്ങള്‍ ഉണ്ടെന്നും കണ്ടെത്തി.

പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ‍250 വിദ്യാര്‍ത്ഥികള്‍ക്കായി 20 ലക്ഷം രൂപയുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കി. അധ്യാപകര്‍ നല്‍കിയ വളരെ വിപുലമായ സാമ്പത്തിക സഹായം കൂടാതെ സ്കൂള്‍ പി ടി എ, എം പി ടി എ, ക്ലാസ് പി ടി എ, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വാധ്യാപകര്‍, അഭ്യുതയകാംക്ഷികള്‍, രാഷ്ട്രീയ, സാമുഹിക, സാംസ്കാരിക സംഘടനകള്‍, വ്യക്തികള്‍ സ്ഥാപനങ്ങള്‍ തുടങ്ങി സമുഹത്തിന്റെ നാനതുറകളില്‍ നിന്നും ലഭിച്ച നിര്‍ലോഭമായ സഹായങ്ങള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ സഹായകരമായി.

പഞ്ചായത്തില്‍ ഒരു കുട്ടിപോലും ഓണ്‍ലൈന്‍ ക്ലാസിന് പുറത്താവുന്നില്ല എന്ന് ‍ ഉറപ്പുവരുത്താനും‍ ‘എല്ലാവര്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം’ എന്ന ലക്ഷ്യം കൈവരിക്കാനും‍ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ എല്ലാവര്‍ക്കും അവശ്യമായ നെറ്റ്‍വര്‍ക്ക് ലഭ്യത ഉറപ്പുവരുത്താനായി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.

നെറ്റ്‍വര്‍ക്ക് സേവനദാതാക്കളെ ഉള്‍പ്പെടുത്തിയുള്ള പ്രശ്നപരിഹാര ചര്‍ച്ചകള്‍,‍ നെറ്റ്‍വര്‍ക്ക് പ്രശ്നം നേരിടുന്ന പ്രദേശങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ശേഖരിക്കല്‍, കേബിള്‍ സേവനദാ താക്കളുമായണ്ടാക്കുന്ന ധാരണകള്‍, സാംസ്കാരിക സംഘടനകള്‍, ക്ലബ്ബുകള്‍ തുടങ്ങി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളുമായുള്ള ആശയവിനിമയങ്ങള്‍, പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങളിലായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിവധ തലങ്ങളിലായി ഓണ്‍ലൈനായും അല്ലാതെയും നടത്തിയ നൂറ്റിമുപ്പതോളം മീറ്റിംങ്ങുകള്‍‍ തുടങ്ങിയ ബഹുമുഖ പ്രവര്‍ത്തങ്ങളിലൂടെയാണ് ‍പദ്ധതിയുടെ രണ്ടാം ഘട്ടം ലക്ഷ്യത്തിലെത്തിക്കുന്നത്. ‍

25 അംഗന്‍വാടികള്‍, ഒരു ശിശു മന്ദിരം, 36 ഗ്രന്ഥശാലകളും ക്ലബ്ബുകളും ഉള്‍പ്പെടെ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 62 കേന്ദ്രങ്ങളില്‍ സൗജന്യ പൊതു വൈഫൈ കേന്ദ്രങ്ങള്‍ സജ്ജമാക്കിക്കൊണ്ടാണ് കേരളത്തില്‍ ആദ്യമായി സമ്പൂര്‍ണ സൗജന്യ വൈഫൈ സംവിധാനമൊരുക്കുന്ന പഞ്ചായത്തായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് മാറുന്നത്.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജന്‍, വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്കരന്‍ കൊഴുക്കല്ലൂര്‍, പഞ്ചായത്ത് നോഡല്‍ ഓഫീസര്‍ സതീശന്‍ വി പി എന്നിവരുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയെ പഞ്ചായത്ത് ഭരണസമിതി , വാര്‍ഡുകളിലും വൈഫൈ കേന്ദ്രങ്ങളിലും രൂപീകരിച്ച നിര്‍വ്വാഹക സമിതികള്‍, പഞ്ചായത്തിലെ സ്കൂള്‍ പ്രധാനാദ്ധ്യാപകര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ തുടങ്ങിയവരുടെ സമര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ പദ്ധതിയുടെ വിജയത്തിലേക്ക് നയിച്ചു.

2021 ആഗസ്ത് 24 ചെവ്വാഴ്ച കാലത്ത് 9.00 മണിക്ക് മേപ്പയ്യൂരില്‍ കേരളാ വിദ്യാഭ്യാസ, തൊഴില്‍ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പേരാമ്പ്ര എം എല്‍ എ ടി പി രാമകൃഷ്ണന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജന്‍ സ്വാഗതം പറയും. ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും