സഖാവ് അപ്പുവേട്ടൻ, ജനങ്ങളുമായി ജൈവബന്ധം സൂക്ഷിച്ച കമ്യൂണിസ്റ്റ്


സുധാകരൻ ചൂരക്കാട്

ജനകീയനായ കമ്മ്യൂണിസ്റ്റ് എന്നതിന്റെ പരിഛേതമായിരുന്നു സഖാവ് അപ്പുവേട്ടൻ. ജനങ്ങളോട് തന്റെ സ്വതസിദ്ധമായ ശൈലിയിൽ നർമ്മം കലർത്തി സരസമായി സംവദിച്ചും, നാടിലെ പ്രശ്നങ്ങളിൽ നിശ്ചയദാർഡ്യത്തോടെ ഇടപെട്ടും തന്റെ മേഖലയിൽ അപ്പുവേട്ടൻ നിറഞ്ഞു നിന്നിരുന്നു.

ഒരു ബാർബർ തൊഴിലാളിയായി ജീവിതമാരംഭിച്ച സഖാവിന്റെ ബാർബർ ഷോപ്പ് രാഷ്ട്രീയ സംവാദത്തിന്റെ വേദിയായിരുന്നു. നാട്ടിലെ പ്രയാസപ്പെടുന്ന ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ ഇടപെട്ട് വളർന്ന് വന്ന സഖാവിനെ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് മന്ദമംഗലത്തെ ജനങ്ങൾ സംശയലേശമെന്യേ അവരോധിക്കുകയായിരുന്നു.

സഖാവ് എകെജി യുടെ നേതൃത്വത്തിൽ നടന്ന മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ച സഖാവ് 1957ലെ ഒന്നാം കമ്മ്യൂണിസ്റ്റ് സർക്കാർ കൊണ്ടുവന്ന കുടിയൊഴിപ്പിക്കൽ വിരുദ്ധ ബില്ലിന്റെ ഭാഗമായി മന്ദമംഗലത്ത് നടന്ന പ്രവർത്തനങ്ങളുടെ നേതൃത്വമാകുകയും നിരവധി പാവപ്പെട്ട മനുഷ്യരെ ഭൂമിയുടെ അവകാശികളാക്കുകയും ചെയ്തു.

അടിയന്തിരാവസ്ഥയുടെ കിരാത നാളുകളിൽ പ്രലോഭനങ്ങൾക്ക് വഴങ്ങി മന്ദമംഗലത്തെ പല നേതാക്കളും പാർട്ടി വിട്ടപ്പോൾ പാർട്ടിയിൽ ഉറച്ചു നിന്നുകൊണ്ട് തന്റെ ജനകീയതയിലൂടെ അണികളെ പാർട്ടിയിൽ ഉറപ്പിച്ചു നിർത്താനും അപ്പുവേട്ടന് കഴിഞ്ഞു.

കൊയിലാണ്ടി പഞ്ചായത്തിൽ മന്ദമംഗലത്തിന്റെ മെമ്പറായി വികസന രംഗത്തും അദ്ധേഹത്തിന്റെ സേവനം നാടറിഞ്ഞു. പരിചയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാകാത്ത തൊഴിലാളി നേതാവായ സഖാവ് 2011 മെയ് 1ന് തൊഴിലാളി ദിനത്തിൽ തന്നെ നമ്മെ വിട്ടുപിരിഞ്ഞത് യാദൃശ്ചികതയാകാം. ജനങ്ങളുമായി ജൈവ ബന്ധം സൂക്ഷിച്ച കമ്മ്യൂണിസ്റ്റിന്റെ ഓർമ്മകൾക്ക് മരണമില്ല.