സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരും; അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യക്കിറ്റ്


തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. അടുത്ത ആഴ്ച മുതല്‍ കിറ്റുകള്‍ കൊടുത്തു തുടങ്ങുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു.

ലോക്ഡൗണ്‍ വേളയില്‍ വാര്‍ഡുതല സമിതിക്കാര്‍ക്ക് രോഗികളുടെ വീടുകളില്‍ പേകേണ്ടതിനാല്‍ വാര്‍ഡുകളില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തുപോകേണ്ടവര്‍ പോലീസില്‍ നിന്ന് പാസ് വാങ്ങണം. ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യത്തിന് ഇല്ലാതെ വരുമ്പോഴുള്ള പ്രയാസം പരിഹരിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും മറ്റും പരിശീലനം നല്‍കി അവരുടെ സന്നദ്ധപ്രവര്‍ത്തനം പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.