സംസ്ഥാനത്ത് വാക്‌സിന്‍ വിതരണത്തിന് കര്‍മപദ്ധതി; ഏകോപനം കലക്ടര്‍മാര്‍ നിര്‍വഹിക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ വിതരണത്തിന് മൂന്ന് ഘട്ട പദ്ധതിക്ക് രൂപം നല്‍കി ആരോഗ്യവകുപ്പ്. ജില്ലകളില്‍ വിതരണത്തിന്റെ ഏകോപനം കലക്ടര്‍മാര്‍ നിര്‍വഹിക്കും. തദ്ദേശ സ്ഥാപനങ്ങള്‍, പൊലീസ് എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും പ്രവര്‍ത്തനങ്ങള്‍. അറുപതിനു മുകളിലുള്ളവരില്‍ ആദ്യഡോസ് എടുക്കാത്തവര്‍ക്ക് 15 ന് മുമ്പ് നല്‍കുന്നതാണ് ആദ്യഘട്ടം. ഇവരുടെ പട്ടിക തദ്ദേശടിസ്ഥാനത്തില്‍ തയ്യാറാക്കും.

പതിനെട്ടിനു മുകളിലുള്ള കിടപ്പുരോഗികള്‍ക്കും 15ന് മുമ്പ് വാക്‌സിന്‍ നല്‍കണം. ഈ വിഭാഗത്തില്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് മൊബൈല്‍ യൂണിറ്റിന്റെ സഹായത്തോടെ കുത്തിവയ്പ് നല്‍കുകയാണ് രണ്ടാമത്തെ പദ്ധതി. ഇവ രണ്ടും പൂര്‍ത്തിയായശേഷം വാക്‌സിന്റെ ലഭ്യത അനുസരിച്ച് മറ്റുള്ളവര്‍ക്ക് നല്‍കുന്നതാണ് മൂന്നാം ഘട്ടം. രോഗം വേഗം ബാധിക്കാനും ഗുരുതരമാകാനും സാധ്യതയുള്ളവര്‍ക്കായിരിക്കും ഇവിടെയും മുന്‍ഗണന.

50 ശതമാനം സ്ലോട്ട് ഓണ്‍ലൈനായും 50 ശതമാനം സ്പോട്ട് രജിസ്ട്രേഷനും ഉപയോഗിക്കാം. ഓണ്‍ലെനില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ പരമാവധി താമസിക്കുന്ന തദ്ദേശസ്ഥാപനത്തില്‍ത്തന്നെ സ്ലോട്ട് ബുക്ക് ചെയ്യണം. സ്വന്തം വാര്‍ഡില്‍ത്തന്നെയായാല്‍ കൂടുതല്‍ നല്ലത്. 60 വയസ്സിനു മുകളിലുള്ളവര്‍, കിടപ്പുരോഗികള്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍, മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ എന്നിവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ ചെയ്ത് ഒന്നും രണ്ടും ഡോസ് വാക്‌സിനെടുക്കാം.