സംസ്ഥാനത്ത് ലോക്ഡൗൺ ആരംഭിച്ചു; കർശ്ശന നിയന്ത്രണങ്ങൾ
തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 6 മുതൽ സംസ്ഥാനത്ത് ലോക്ഡൗൺ ആരംഭിച്ചു. കർശനനിയന്ത്രണങ്ങളാണ് സംസ്ഥാനത്താക്കെ ഏർപ്പെടുത്തിയത്. ജനങ്ങൾ യാത്രകൾ ഒഴിവാക്കണം. അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാൻ പോലീസ് പാസ് വേണം. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ സത്യവാങ്മൂലം കൈയിൽ കരുതണം.
വിവാഹം, മരണാനന്തരച്ചടങ്ങുകൾ, രോഗിയായ ബന്ധുവിനെ സന്ദർശിക്കൽ, രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക എന്നിവയ്ക്കുമാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ. മരണാനന്തരച്ചടങ്ങുകൾ, വിവാഹം എന്നിവയ്ക്ക് കാർമികത്വം വഹിക്കേണ്ട പുരോഹിതന്മാർക്ക് നിയന്ത്രണമില്ല. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയൽ കാർഡ്, ക്ഷണക്കത്ത് എന്നിവ കൈവശമുണ്ടാകണം.